ഇഷാന്‍ കൊള്ളാം, പക്ഷേ... സിംബാബ്‌വെക്കെതിരെ സഞ്ജുവല്ലാതെ മറ്റൊരാള്‍ വേണ്ട! കാരണം വ്യക്തമാക്കി മുന്‍താരം

By Web TeamFirst Published Aug 16, 2022, 6:57 PM IST
Highlights

രാഹുലിന്റെ തിരിച്ചുവരവാണ് പരമ്പരയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് താരം ഇന്ത്യന്‍ ടീമിലെത്തുന്നത്. നേരത്തെ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാപിച്ചിരുന്നത്.

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങള്‍ ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിനാല്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലുണ്ട്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ രണ്ട് വിക്കറ്റ് കീപ്പര്‍മാരും ടീമിലുണ്ട്. ഇഷാന്‍ കിഷനാണ് മറ്റൊരു കീപ്പര്‍. 

ഇവരില്‍ ആരെ കളിപ്പിക്കുമെന്നുള്ള ആശയക്കുഴപ്പം ടീം മാനേജ്‌മെന്റിനുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ സഞ്ജുവായിരുന്നു കീപ്പര്‍. വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും സഞ്ജു തിളങ്ങിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മനിന്ദര്‍ സിംഗ്. ''രണ്ടില്‍ ഒരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം രണ്ട് താരങ്ങളും കഴിവുള്ളവരാണ്. ഇവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയെന്നത് കോച്ചിനേയും ക്യാപ്റ്റനേയും ബുദ്ധിമുട്ടിലാക്കും. 

പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

എന്നാല്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് കാണുന്നത് തന്നെ ഭംഗിയാണ്. കളിക്കാന്‍ ഒരുപാട് സമയം അവന് ലഭിക്കുന്നു. സഞ്ജു ഇനിയും ഒരുപാട് അവസരം അര്‍ഹിക്കുന്നു. അവസരം നല്‍കാതെ സഞ്ജുവിന് സ്ഥിരതയില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ സഞ്ജുവിനെയാണ് പിന്തുണയ്ക്കുന്നത്.'' മനിന്ദര്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം ഹരാരെയിലെത്തി പരിശീലനം നടത്തിയിരുന്നു. സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. 18ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് ആദ്യ മത്സരം. അവസാന രണ്ട് ഏകദിനങ്ങളില്‍ 20, 22 തിയതികളില്‍ ഇതേ വേദിയില്‍ തന്നെ നടക്കും. 

സൂക്ഷിക്കണം, രോഹിത്തിന് റണ്‍സിനോട് ആര്‍ത്തിയാണ്! പാകിസ്ഥാന്‍ ടീമിന് ഹസന്‍ അലിയുടെ മുന്നറിയിപ്പ്

രാഹുലിന്റെ തിരിച്ചുവരവാണ് പരമ്പരയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് താരം ഇന്ത്യന്‍ ടീമിലെത്തുന്നത്. നേരത്തെ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏഷ്യാകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി രാഹുലിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തി. നായകസ്ഥാനവും നല്‍കി. 

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
 

click me!