
മുംബൈ: മൂന്ന് പേസര്‍മാര്‍ മാത്രമാണ് ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യയുടെ സ്‌ക്വാഡിലുള്ളത്. ജസ്പ്രീത് ബുമ്ര (Jasprit Bumrah), മുഹമ്മദ് ഷമി (Mohammed Shami), ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍മാര്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. ആര്‍ അശ്വിന്‍ (R Ashwin), വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), രവീന്ദ്ര ജഡേജ (Ravindra Jadeja), അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. ഇതോടെ മികച്ച ഫോമില്‍ കളിക്കുന്ന ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് എന്നീ പേസര്‍മാര്‍ക്ക് ടീമില്‍ അവസരമില്ലാതായി. ഇരുവരും റിസര്‍വ് താരങ്ങളായി ടീമിനൊപ്പമുണ്ടാവും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിലും പന്തെറിയുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല.
എന്തായാലും മുന്‍ സെലക്റ്ററും ഇന്ത്യന്‍ താരവുമായിരുന്ന എംഎസ്‌കെ പ്രസാദിന് ടീമിന്റെ കാര്യത്തില്‍ അല്‍പം ആശങ്കയുണ്ട്. ഇന്ത്യന്‍ ടീം മികച്ചതാണെന്ന് പറയുമ്പോഴും പേസര്‍മാരുടെ കാര്യത്തില്‍ അദ്ദേഹത്തിന് തൃപിതി പോര. പ്രസാദ് ഇക്കാര്യം പ്രകടമാക്കുകയും ചെയ്തു. ''ശക്തമായ ടീമിനെയാണ് ടീം ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു പേസര്‍കൂടി ഉണ്ടായിരുന്നെങ്കില്‍ തൃപ്തി ആയേനെ. കാരണം അബുദാബിയിലും ദുബായിലുമാണ് കൂടുതല്‍ കളിക്കുന്നത്. ഇത്തരം പിച്ചുകളില്‍ പേസരുടെ സഹായം ഗുണം ചെയ്യും. ഷാര്‍ജയിലാണ് മത്സരമെങ്കില്‍ ഈ ടീം മതിയായിരുന്നു. ഹാര്‍ദിക് പന്തെറിയുമോ എന്നുള്ള കാര്യവും ഉറപ്പ് പറയാന്‍ കഴിയില്ല.'' പ്രസാദ് വ്യക്തമാക്കി.
ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം
വിരാട് കോലി (Virat Kohli) ക്യാപ്റ്റന്‍ സ്ഥാനത്ത് മാറാനുളള തീരുമാനമെടുത്തതിനെ പ്രസാദ് പിന്തുണിച്ചു. ''ദീര്‍ഘകാലമായി കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നുണ്ട്. അതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ കാണാനുമുണ്ട്. കോലിക്ക് പഴയത് പോലെ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ കോലിയുടെ തീരുമാനം നല്ലതാണ്. പത്ത് വര്‍ഷത്തിനിടെ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ താരമാണ് കോലി. ആ പഴയ താരത്തെ തിരിച്ചുകൊണ്ടുവരണം. ടി20 ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ വിട്ടുനില്‍ക്കുന്നത് തന്നെയാണ് നല്ലത്.'' പ്രസാദ് വ്യക്തമാക്കി.
ഐപിഎല്‍ 2021: പ്ലേ ഓഫിനരികെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; അവസാന മത്സരം കളറാക്കാന്‍ രാജസ്ഥാന്‍
ഈ മാസം 17നാണ് ലോകകപ്പിന് തുടക്കമാവുന്നത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലാണ് മത്സരം. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് കൊവിഡ് കേസുകള്‍ കൂടിയതിനെ തുര്‍ന്ന് വേദി മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!