അവസാന നാലില്‍ ഇനി ഒരേയൊരു സ്ഥാനംമാത്രമാണ് ബാക്കി. കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ രാജസ്ഥാന്‍ തല്ലിക്കെടുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഇന്നിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് (Rajasthan Royals) എതിരാളികള്‍. അവസാന നാലില്‍ ഇനി ഒരേയൊരു സ്ഥാനംമാത്രമാണ് ബാക്കി. കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ രാജസ്ഥാന്‍ തല്ലിക്കെടുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതോ തകര്‍പ്പന്‍ ജയത്തോടെ കൊല്‍ക്കത്ത പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്യുമോ?

മുംബൈയും കൊല്‍ക്കത്തയും ഒരുപോലെ പ്ലേഓഫിനായി മുന്നിലുണ്ട്. . കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് മറികടക്കുന്നത് മാത്രം ഭയന്നാല്‍ മതി. യുഎഇയിലെത്തിയ കൊല്‍ക്കത്ത കൂടുതല്‍ കരുത്തരാണ്. രണ്ടാംഘട്ടത്തില്‍ ആറ് കളിയില്‍ നാലിലും ജയം. രണ്ട് മത്സരം തോറ്റത് നേരിയ മാര്‍ജിനില്‍. 

വെങ്കടേഷ് അയ്യരുടെ മിന്നും ഫോം ബാറ്റിങ്ങില്‍ പ്രതീക്ഷ. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്
കാര്യങ്ങള്‍ എളുപ്പമാക്കും. രാഹുല്‍ ത്രിപാദിയും അവസരത്തിനൊത്ത് ഉയരുന്നു. ബാറ്റിങ്ങില്‍ മോര്‍ഗന്‍ തുടരെ പരാജയപ്പെടുന്നത് തിരിച്ചടി.
പരിക്കേറ്റ ആന്ദ്രേ റസലിനും ലോക്കി ഫെര്‍ഗൂസനും പകരം ടിം സൗത്തിയും ശിവം മാവിയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും.

സഞ്ജു സാംസണിന്റെ രാജസ്ഥാന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കണം. ബാറ്റിങ്ങില്‍ നായകന്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് രാജസ്ഥാന് ഈ സീസണ്‍. യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റാര്‍ക്കും താളം കണ്ടെത്താനുമായില്ല. ഇംഗ്ലീഷ് താരങ്ങളില്‍ പ്രമുഖരെല്ലാം മടങ്ങിയപ്പോള്‍ ടീമിന്റെ നടുവൊടിഞ്ഞു. അടുത്ത സീസണില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ സ്ഥാനം മെച്ചപ്പെടുത്താനാകും ശ്രമം. പരസ്പരമുള്ള 24 പോരാട്ടങ്ങളില്‍ 12 കളിയില്‍ കൊല്‍ക്കത്തയും 11ല്‍ രാജസ്ഥാനും ജയിച്ചു.