'പന്ത് ഇപ്പോഴും പൂര്‍ണനായ ക്രിക്കറ്ററല്ല'; മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വാക്കുകള്‍

By Web TeamFirst Published Sep 16, 2021, 3:35 PM IST
Highlights

ടി20 ക്രിക്കറ്റില്‍ ഒന്നാകെ 3300 റണ്‍സ് അദ്ദേഹം സ്വന്തം പേരിലാക്കി. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് ടെസ്റ്റ് കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമൊന്നും പന്ത് നടത്തിയില്ല.

ദില്ലി: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് പുരോഗതി കൈവരിച്ച താരമാണ് റിഷഭ് പന്ത്. ടി20 ക്രിക്കറ്റില്‍ ഒന്നാകെ 3300 റണ്‍സ് അദ്ദേഹം സ്വന്തം പേരിലാക്കി. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് ടെസ്റ്റ് കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമൊന്നും പന്ത് നടത്തിയില്ല. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്.

ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടെങ്കിലും പന്ത് ഇപ്പോഴും ഒരു പൂര്‍ണതയെത്താത്ത ക്രിക്കറ്റ് താരമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സബാ കരീം പറയുന്നത്. ''ഞാന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫൊന്നുമല്ല. എങ്കിലും പറയട്ടെ, വരുന്ന ടി20 ലോകകപ്പില്‍ പന്ത് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ബാറ്റ്‌സ്മാനായിട്ട് മാത്രമല്ല, വിക്കറ്റ് കീപ്പറായും പന്തിന് തിളങ്ങാനാവട്ടെ. 

ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യ പാതിയില്‍ പന്തിന്റെ മനോഭാവം എനിക്ക് ബോധിച്ചു. കീപ്പറായും ബാറ്റ്‌സ്മാനായും പന്ത് ഏറെ ആസ്വദിക്കുന്നുണ്ട്. ഇന്ത്യക്ക് കളിക്കുമ്പോഴും അവന്‍ അങ്ങനെയാണ്. ഇക്കാര്യം ഞങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്.

എന്നാല്‍ എനിക്കിപ്പോഴും തോന്നുന്നത് പന്ത് പൂര്‍ണനായ ഒരു താരമായിട്ടില്ലെന്നാണ്. ഷോട്ട് സെലക്ഷനിലെല്ലാം അവന്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനുണ്ട്. സാഹചര്യം മനസിലാക്കി വേണം ഷോട്ടുകള്‍ കളിക്കേണ്ടത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെ പന്തിന് മാതൃകയാക്കാവുന്നതാണ്.

അവനിപ്പോഴും യുവതാരമാണ്. ക്യാപ്റ്റന്‍സി അവന്‍ ആസ്വദിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കഴിവുള്ള താരമാണ് പന്ത്. മത്സരം ഫിനിഷ് ചെയ്യാനുള്ള കഴിവും പന്തിനുണ്ട്.'' കരീം വിശദീകരിച്ചു.

click me!