അതൊരു 'സുഖിപ്പിക്കല്‍' തീരുമാനമാണ്; അശ്വിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Sep 16, 2021, 3:07 PM IST
Highlights

അപ്രതീക്ഷിതമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തി. ഇതോടെ ഒരിക്കല്‍കൂടി അശ്വിന്റെ പേര് ചര്‍ച്ചയായി.

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വാര്‍ത്തകളിലുണ്ട്. ആദ്യം ചര്‍ച്ചയായത് അശ്വിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഇറക്കാത്തപ്പോഴാണ്. പിന്നാലെ അപ്രതീക്ഷിതമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തി. ഇതോടെ ഒരിക്കല്‍കൂടി അശ്വിന്റെ പേര് ചര്‍ച്ചയായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2017ലാണ് താരം അവസാനമായി ടി20 മത്സരം കളിച്ചത്. അശ്വിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം ആഘോഷമാക്കി. 

എന്നാല്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. അശ്വിനെ ലോകകപ്പ് ടീമിലെടുത്തത് വെറും 'സുഖിപ്പിക്കല്‍' പരിപാടിയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് അശ്വിന്റെ തിരിച്ചുവരവ് ആനന്ദിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമോ എന്നുള്ളത് സംശയമാണ്. 

15 അംഗ ടീമിലാണ് അദ്ദേഹമുള്ളതെന്നും നല്ല കാര്യം. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്നിട്ട് പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം കിട്ടിയില്ല. അതുകൊണ്ടുതന്നെ ഇതൊരു സമാശ്വാസ നടപടിയായിട്ടാണ് എനിക്ക് തോന്നുന്നത്. 

ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ കളിപ്പിക്കാത്തത് കൊണ്ടുമാത്രമാണ് അശ്വിനെ ലോകകപ്പ് ടീമിലെടുത്തത്. അദ്ദേഹം ഏതെങ്കിലും മത്സരം കളിക്കുമോ എന്ന് കണ്ടറിയണം.'' ഗവാസ്‌കര്‍ വ്യക്തമാക്കി. 

അതേസമയം, ധോണിയെ മെന്ററാക്കിയത് ടീമിന് ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ''അശ്വിന്റെ തിരിച്ചുവരവിനേക്കാള്‍ ചര്‍ച്ചയായത് ധോണിയെ മെന്ററാക്കി തീരുമാനിച്ച വാര്‍ത്തയാണ്. 

അതിന്റെ കാരണം 2007ലും 2011ലും ധോണി ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചുവെന്നുള്ളതുകൊണ്ടാണ്. അദ്ദേഹം ഇന്ത്യന്‍ ക്യാംപിലുണ്ടാവുന്നത് താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഈ തീരുമാനത്തിന്റെ ഗുണവും ഇന്ത്യക്ക് ലഭിക്കും.'' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

click me!