
അഹമ്മദാബാദ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ അത്രത്തോളം മികച്ചതായിരുന്നില്ല വിരാട് കോലിയുടേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും പ്രകടനം. രോഹിത് 12 റണ്‍സ് മാത്രമാണെടുത്തത്. ഇത്രയും റണ്‍സെടുക്കാന്‍ 18 പന്തുകള്‍ ചെലവഴിക്കുകയും ചെയ്തു. കോലിയാട്ടെ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 34 പന്തില്‍ 35 റണ്‍സായിരുന്നു സമ്പാദ്യം. മോശം ഫോമില്‍ കളിക്കുന്ന കോലി പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ചില ഷോട്ടുകളെങ്കിലും കളിച്ചെന്ന് പറയാം.
എന്നാല്‍ രോഹിത്തിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. മത്സരത്തില്‍ രോഹിത് പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. അതില്‍ കോലിക്കും പങ്കുണ്ടെന്നാണ് പാര്‍ത്ഥിവിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പവര്‍പ്ലേയില്‍ രോഹിത്തിന് വേണ്ടത്ര സ്‌ട്രൈക്ക് കിട്ടിയില്ലെന്നുള്ളതാണ് എന്റെ അഭിപ്രായം. നന്നായിട്ട് പന്തെറിഞ്ഞ പാകിസ്ഥാന്‍ പേസര്‍മാര്‍ക്കെതിരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്ക് സാധിച്ചില്ല. അക്കാര്യത്തില്‍ പാകിസ്ഥാന്‍ ബൗളര്‍മാരും മികവ് കാണിച്ചു. പവര്‍പ്ലേയില്‍ കൂടുതല്‍ പന്തുകള്‍ രോഹിത്തിന് ലഭിച്ചില്ല. എന്നാല്‍ കോലിക്ക് മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചു.'' പാര്‍ത്ഥ്വി പറഞ്ഞു.
ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ
മുന്‍നിര താരങ്ങളെ ഇപ്പോള്‍ തന്നെ വിമര്‍ശനവിധേമാക്കേണ്ട കാര്യമില്ലെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ''ഒറ്റ മത്സരം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കരുത്. രോഹിത് പാകിസ്താനെതിരേ പ്രയാസപ്പെട്ടെങ്കിലും വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുനനു. രാഹുലിനും കോലിക്കും അടുത്തകാലത്ത് കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരു വിശകലനം നടത്തുന്നത് ശരിയല്ല. കൂടുതല്‍ അവസരം നല്‍കി ഫോമിലേക്കെത്തിക്കണം. അവര്‍ വളരെ പ്രതിഭയുള്ള ബാറ്റ്സ്മാന്‍മാരാണ്. ഇനിയും മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചാല്‍ അവര്‍ക്ക് പഴയ ഫോമിലേക്കെത്താനാവും.'' പാര്‍ത്ഥിവ് വ്യക്തമാക്കി.
മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് വിക്കറ്റ് നേടുകയും പുറത്താവാതെ 33 റണ്‍സെടുക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് പ്ലയര്‍ ഓഫ് ദ മാച്ച്.