ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ പരിശീലകനായി എസ് മനോജ്; മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ച്

Published : Jul 15, 2025, 02:50 PM IST
Trivandrum Royals

Synopsis

കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 ല്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2വിലെ പ്രധാന ടീമുകളിലൊന്നായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും മാനേജ്മെന്റ് പ്രഖ്യാപിച്ചു. ബൗളിംഗ് പ്രകടനത്തില്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതിനായി അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്. ഫീല്‍ഡിംഗിലെ മികവിന് ഊന്നല്‍ നല്‍കി മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. കളിക്കാരുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി അരുണ്‍ റോയ് (സ്പോര്‍ട്സ് ഫിസിയോ), എ.എസ് ആശിഷ് (സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്) എന്നിവരും സംഘത്തിലുണ്ട്.

മത്സരങ്ങള്‍ കൃത്യമായി അപഗ്രഥിക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും പെര്‍ഫോമന്‍സ് ആന്‍ഡ് വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീമിന്റെ സുഗമമായ നടത്തിപ്പിനായി ടീം മാനേജരായി രാജു മാത്യുവും പ്രവര്‍ത്തിക്കും. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ടീമിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുത്തുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

'യുവനിരയുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും ഒരു മികച്ച സംയോജനമാണ് ഇത്തവണ ടീമിന്റെ കരുത്ത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്ന പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുമെന്ന് ഉറപ്പുണ്ട്,' എസ്. മനോജ് പറഞ്ഞു. സിനിമാ മേഖലയിലെ പ്രമുഖരായ പ്രിയദര്‍ശന്‍, കല്യാണി പ്രിയര്‍ദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രോ വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്