ഇന്ത്യയോട് കണക്കിന് കിട്ടുമ്പോള്‍ രണതുംഗ പാഠം പഠിക്കും; ലങ്കന്‍ ഇതിഹാസത്തിന് മുന്‍ പാക് താരത്തിന്റെ മറുപടി

By Web TeamFirst Published Jul 8, 2021, 3:44 PM IST
Highlights

ശിഖര്‍ ധവാന്‍, ഭുവനേശ്വന്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം അമടങ്ങുന്ന ശക്തമായ ടീമാണ് ഇന്ത്യയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അദ്ദേഹത്തിന് മറുപടി നല്‍കിയിരുന്നു.

കറാച്ചി: അടുത്തിടെയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ പ്രസ്താവന വിവാദത്തിലായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രമുഖരില്ലാതെ ശ്രീലങ്കന്‍ പര്യടനത്തിന് എത്തുന്നതിനെ കുറിച്ചായിരുന്നത്. ഇന്ത്യ അയക്കുന്നത് അവരുടെ രണ്ടാം നിര ടീമിനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണതുംഗയെ തിരുത്തി. ഇന്ത്യയുടേത് ശക്തമായ ടീമെന്ന് ക്രിക്കറ്റ് ബോര്‍ഡ് രണതുംഗയ്ക്ക് മറുപടി നല്‍കി.

ശിഖര്‍ ധവാന്‍, ഭുവനേശ്വന്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം അടങ്ങുന്ന ശക്തമായ ടീമാണ് ഇന്ത്യയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അദ്ദേഹത്തിന് മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയയും അദ്ദേഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ജനശ്രദ്ധനേടാനുള്ള അദ്ദേഹത്തിന്റെ അടവ് മാത്രമാണിതെന്ന് കനേരിയ പറഞ്ഞു.

കനേരിയ ഇക്കാര്യം വിശദീകരിക്കുന്നതിങ്ങനെ... ''അദ്ദേഹത്തിന്റെ പ്രസ്താവാന ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പ്രാപ്തരായ 50-60 താരങ്ങളെങ്കിലുമുണ്ടാവും. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളെ ഇറക്കാം. മാത്രമല്ല ധവാന്‍, ഹാര്‍ദിക്, ഭുവനേശ്വര്‍, ചാഹല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥിരം കളിച്ചുകൊണ്ടിരിക്കുന്നവരാണ്. പരമ്പരയില്‍ ഇന്ത്യന്‍ ടീമിനോട് പരാജയപ്പെടുമ്പോള്‍ രണതുംഗ ഒരു പാഠം പഠിക്കും.'' കനേരിയ വ്യക്തമാക്കി. 

ഇത്തരം വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു. ''ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അടയാളപ്പെടുത്തിയ പേരാണ് താങ്കളുടേത്. അങ്ങയെപോലെ ഒരു ഇതിഹാസത്തില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിച്ചില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് തകര്‍ന്നുകൊണ്ടിരിക്കുയാണ്. എങ്ങനെ ക്രിക്കറ്റ് കളിക്കമെന്ന് പോലും അവര്‍ക്കിപ്പോള്‍ അറിയില്ല. ഇന്ത്യ പര്യടനത്തിനെത്തുന്നത് വലിയ ഭാഗ്യമായി കണ്ടാല്‍ മതി. സാമ്പത്തിക പ്രയാസങ്ങള്‍ അലട്ടുന്ന ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ വരവ് ഒരു ആശ്വാസമാവും.'' കനേരിയ പറഞ്ഞുനിര്‍ത്തി.

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. ടി20 മത്സരങ്ങള്‍ ജൂലൈ 21ന് ആരംഭിക്കും. ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ട്.

click me!