ഭാവി ചാമ്പ്യന്മാരെ സൃഷ്‌ടിക്കാന്‍ ദ്രാവിഡിനുള്ള അവസരം; ലങ്കന്‍ പര്യടനത്തെ കുറിച്ച് ലക്ഷ്‌മണ്‍

By Web TeamFirst Published Jul 8, 2021, 3:17 PM IST
Highlights

ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സ്‌ക്വാഡിലെ നിരവധി താരങ്ങള്‍ ഇന്ത്യ എ പരിശീലകനും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും എന്ന നിലയില്‍ ദ്രാവിഡിന്‍റെ ശിക്ഷണം ലഭിച്ചവരാണ്

ഹൈദരാബാദ്: ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി ചാമ്പ്യന്‍മാരെ വളര്‍ത്തിയെടുക്കാന്‍ രാഹുല്‍ ദ്രാവിഡിനുള്ള സുവര്‍ണാവസരമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. ദ്രാവിഡിന്‍റെ പരിചയസമ്പത്ത് ലങ്കയില്‍ യുവതാരങ്ങള്‍ക്ക് തുണയാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

'ഇന്ത്യന്‍ ടീമിന് മുകളില്‍ എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നുന്നില്ല. പരിശീലകനെന്ന നിലയില്‍ മികവ് തെളിയിക്കാന്‍ ദ്രാവിഡിനുള്ള അവസരമാണിത്. താരവും ടീം ഇന്ത്യയുടെ ബഞ്ചിലെ കരുത്ത് കൂട്ടിയ പരിശീലകനും എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ദ്രാവിഡിന്‍റെ സംഭാവനകള്‍ നമുക്ക് നന്നായി അറിയാം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ ദ്രാവിഡിനുള്ള അവസരമാണിത് എന്ന് കരുതുന്നു. സ്‌ക്വാഡിലുള്ള ഏറെ താരങ്ങള്‍ നേരത്തെ ദ്രാവിഡിനൊപ്പം സമയം ചെലവഴിച്ചിട്ടുള്ളവരാണെങ്കിലും പരിചയസമ്പത്ത് താരങ്ങളുടെ വളര്‍ച്ചയ്‌ക്ക് സഹായകമാകും' എന്നും വിവിഎസ് പറഞ്ഞു. 

ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സ്‌ക്വാഡിലെ നിരവധി താരങ്ങള്‍ ഇന്ത്യ എ പരിശീലകനും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും എന്ന നിലയില്‍ ദ്രാവിഡിന്‍റെ ശിക്ഷണം ലഭിച്ചവരാണ്. ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ ദ്രാവിഡിന്‍റെ ശിഷ്യനാണ്. 

സീനിയര്‍ ടീം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലായതിനാലാണ് യുവനിരയെ രാഹുല്‍ ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ ബിസിസിഐ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ജൂലൈ 13ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടേയും അഭാവത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. കോലിക്കും രോഹിത്തിനും പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീലങ്കന്‍ പര്യടനത്തിനില്ല. 

ശ്രീലങ്കയിലുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്. 

'ക്യാപ്റ്റന്‍സി തലച്ചോറിനുടമ, പക്വത'; യുവതാരം ഭാവി ഇന്ത്യന്‍ നായകനെന്ന് യുവ്‌രാജ്

ലോകകപ്പ് പ്രകടനം ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല; ഇന്ത്യന്‍ ബാറ്റ്സ്‌മാനെ പുകഴ്‌ത്തി ഗാവസ്‌കര്‍

ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളില്ല; ടീമിന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!