'ക്യാപ്റ്റന്‍സി തലച്ചോറിനുടമ, പക്വത'; യുവതാരം ഭാവി ഇന്ത്യന്‍ നായകനെന്ന് യുവ്‌രാജ്

By Web TeamFirst Published Jul 8, 2021, 2:25 PM IST
Highlights

പരിമിത ഓവര്‍ ക്രിക്കറ്റില്‍ നേരത്തെതന്നെ സ്ഥിര സാന്നിധ്യമായെങ്കിലും ഇപ്പോള്‍ ടെസ്റ്റ് ടീമിലും ഇന്ത്യയുടെ വിശ്വസ്തനാണ് ഈ താരം

ദില്ലി: യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്ന് മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. താരമെന്ന നിരയില്‍ റിഷഭ് കൂടുതല്‍ പക്വത കൈവരിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റുമായി താരത്തിന് സാമ്യതകളുണ്ടെന്നും യുവി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

'റിഷഭ് പന്ത് പക്വതയാര്‍ന്ന താരവും ടീം ഇന്ത്യയുടെ കണ്ടെത്തലുമാണെന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പുറത്തായ രീതികള്‍ക്ക് ഏറെ പഴി കേട്ടിട്ടുള്ള താരമെന്ന നിലയില്‍ റിഷഭിനെ കുറിച്ച് പോസിറ്റീവായ വാക്കുകള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ശുഭകരമാണ്. ഓസ്‌ട്രേലിയയിലെ പ്രകടനവും ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത രീതിയും നേടിയ തകര്‍പ്പന്‍ സെഞ്ചുറിയും വഴി പ്രതികൂല സാഹചര്യങ്ങളില്‍ മാച്ച് വിന്നറാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മിഡില്‍ ഓര്‍ഡറില്‍ ഒരു നിര്‍ണായക താരമാണ് റിഷഭ് പന്ത്'. 

റിഷഭ് ഇന്ത്യയുടെ ഭാവി നായകന്‍

'മത്സരം മാറ്റിമറിക്കാന്‍ കഴിവുള്ള ആദം ഗില്‍ക്രിസ്റ്റിനെ പോലെയാണ് പന്തിനെ തോന്നിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ താരങ്ങളില്‍ ഒരാളാണ് ഗില്ലി. റിഷഭിന് അത് ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. റിഷഭില്‍ ഒരു ഭാവി ഇന്ത്യന്‍ നായകനെയും ഞാന്‍ കാണുന്നു. വളരെ സ്‌മാര്‍ട്ടായ ക്യാപ്റ്റന്‍സി തലച്ചോറ് അദേഹത്തില്‍ കാണുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമ്പോള്‍ അത് കണ്ടതാണ്. അതിനാല്‍ ആളുകള്‍ വരും വര്‍ഷങ്ങളില്‍ റിഷഭിനെ അടുത്ത ഇന്ത്യന്‍ നായകനായി കാണും' എന്നും യുവ്‌രാജ് കൂട്ടിച്ചേര്‍ത്തു. 

കരിയറിന്‍റെ തുടക്കത്തില്‍ അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതിനും വിക്കറ്റിന് പിന്നിലെ ചോര്‍ച്ചയ്‌ക്കും ഏറെ വിമര്‍ശനം കേട്ട താരമാണ് റിഷഭ് പന്ത്. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റിലും ഇന്ത്യയുടെ വിശ്വസ്തനായിക്കഴിഞ്ഞു താരം. 

ഇന്ത്യന്‍ ടീമിന്‍റെ 2018ലെ ഓസ്‌ട്രേലിയന്‍ പര്യടനമാണ് റിഷഭിന്‍റെ കരിയറില്‍ വഴിത്തിരിവായത്. നാല് മത്സരങ്ങളില്‍ നിന്ന് 58.33 ശരാശരിയില്‍ 350 റണ്‍സ് നേടിയപ്പോള്‍ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ 189 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 159 റണ്‍സുമായി മത്സരത്തില്‍ ഇന്ത്യക്ക് സമനിലയും പരമ്പര ജയവും സമ്മാനിച്ചു. ഏറ്റവുമൊടുവിലെ ഓസീസ് പര്യടനത്തില്‍(2020-21) മൂന്നാം ടെസ്റ്റില്‍ 118 പന്തില്‍ 97 ഉം നാലാം ടെസ്റ്റില്‍ 138 പന്തില്‍ പുറത്താകാതെ 89 ഉം റണ്‍സുമായി തിളങ്ങി. ഗാബയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി പരമ്പര നിലനിര്‍ത്തിയപ്പോള്‍ റിഷഭായിരുന്നു കളിയിലെ താരം. 

നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയെ മറികടന്ന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ യുവതാരത്തിനായി. ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളില്‍ നിന്ന് 54 ശരാശരിയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 270 റണ്‍സ് സ്വന്തമാക്കി. 

ലോകകപ്പ് പ്രകടനം ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല; ഇന്ത്യന്‍ ബാറ്റ്സ്‌മാനെ പുകഴ്‌ത്തി ഗാവസ്‌കര്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര; വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, മൂന്ന് താരങ്ങള്‍ തിരിച്ചെത്തി

ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളില്ല; ടീമിന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!