Pakistan : ബാബറും റിസ്‌വാനും ഇല്ലല്ലൊ എന്നോര്‍ത്ത് ഇന്ത്യ പരിഭവിക്കുന്ന കാലം വിദൂരമല്ല; മുന്‍ പാക് താരം

By Web TeamFirst Published Dec 21, 2021, 5:45 PM IST
Highlights

ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏക താരമായിരുന്നു റിസ്‌വാന്‍. അത്രത്തോളം റണ്‍സാണ് പാക് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ഇപ്പോല്‍ റിസ്‌വാനേയും ബാബറിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ്.

കറാച്ചി: സമീപകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏക താരമായിരുന്നു റിസ്‌വാന്‍. അത്രത്തോളം റണ്‍സാണ് പാക് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ഇപ്പോല്‍ റിസ്‌വാനേയും ബാബറിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കിട്ട് ഒരു കൊട്ടും ലത്തീഫ് കൊടുക്കുന്നുണ്ട്. 

ബാബറിനേയും റിസ്‌വാനേയും പോലെയുള്ള താരങ്ങള്‍ തങ്ങള്‍ക്കില്ലല്ലൊ എന്നോര്‍ത്ത് ഇന്ത്യ പരിഭവിക്കുമെന്നാണ് ലത്തീഫ് പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഒരു വര്‍ഷം മുമ്പ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ പോലെയുള്ള താരങ്ങള്‍ പാകിസ്ഥാനില്ലല്ലൊ എന്നോര്‍ത്ത് ഞങ്ങള്‍ക്ക് വിഷമമുണ്ടായിരുന്നു. കോലിയോ രോഹിത്തോ പാകിസ്ഥാനില്ലെന്ന് പലരും പരഹസിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ പരിഹസിച്ചവര്‍ ബാബറിന്റേയും റിസ്‌വാന്റേയും പ്രകടനം കണ്ട് അസൂയപ്പെടുന്നുണ്ടാവും.

ബാബര്‍, റിസ്‌വാന്‍ എന്നിവരെപ്പോലെയുളള താരങ്ങള്‍ തങ്ങള്‍ക്കില്ലല്ലോ എന്നോര്‍ത്ത് ഇന്ത്യന്‍ ടീം പരിഭവിക്കുന്ന കാര്യം വിദൂരമല്ല. ശരിയാണ് അടുത്തകാലത്ത് സ്‌കോറിംഗ് റേറ്റ് കുറവായതിന്റെ പേരില്‍ രണ്ട് പാക് താരങ്ങളും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ആ പേരുദോഷം മാറ്റാനായി. വ്യക്തിഗത നേട്ടങ്ങള്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ അവര്‍ക്കായി.'' ലത്തീഫ് പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയാണ് പാകിസ്ഥാന്‍ അവസാനമായി കളിച്ചത്. ടി20 പരമ്പര പാകിസ്താന്‍ 3-0ന് തൂത്തുവാരിയിരുന്നു.

click me!