
കറാച്ചി: ഐപിഎല്ലിന് ശേഷം കെ എല്‍ രാഹുല്‍ (KL Rahul) ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചെങ്കിലും പരിശീലനത്തിനിടെയേറ്റ പരിക്ക് വില്ലനായി. പിന്നാലെ ജര്‍മനിയില്‍ പോയി ശസ്ത്രക്രിയ നടത്തിയ താരം അടുത്തിടെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരുന്നു. തുടര്‍ന്ന് വിന്‍ഡീസിനെതിരായ (WI vs IND) ടി20 പരമ്പരയിലേക്ക് വിളിയെത്തുകയും ചെയ്തു. എന്നാല്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനിന്നു. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉണ്ടാവുമെന്ന് കരുതിയെങ്കിലും സെലക്റ്റര്‍മാര്‍ ജൂനിയര്‍ താരങ്ങളെയാണ് പരിഗണിച്ചത്.
ഏഷ്യാകപ്പിലാണ് രാഹുല്‍ ഇനി കളിക്കുക. അദ്ദേഹത്തിന് ടീമില്‍ അവസരം ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ (Danish Kaneria) പറയുന്നത് അദ്ദേഹത്തെ നേരിട്ട് ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ്. കനേരിയ വിവരിക്കുന്നതിങ്ങനെ... ''ഏത് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ രാഹുലിന് വിക്കറ്റ് കീപ്പിംഗും വഴങ്ങും. എന്നാല്‍ പരിക്കിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്റ്റാന്‍ഡ് ബൈ താരമായിട്ട് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. ഒരുപാട് കാലത്തിന് ശേഷം ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് അവന്‍. ഇത്തരം വലിയ ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിച്ചാല്‍ നന്നായിരിക്കും. ടി20 ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് അല്‍പം സമയം കൊടുക്കാം.'' കനേരിയ പറഞ്ഞു.
നേരത്തെ, പൂര്‍ണ കായികക്ഷമത കൈവരിച്ചതിനെ കുറിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ''എന്റെ ശസ്ത്രക്രിയ ജൂണില്‍ വിജയകരമായി പൂര്‍ത്തിയായിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ കളിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കൊവിഡ് പോസിറ്റീവായി. എന്നാലിപ്പോള്‍ കൊവിഡില്‍ നിന്ന് മുക്തനായി. എന്റെ സേവനം എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ടീമിന് ലഭിക്കും.'' അദ്ദേഹം കുറിച്ചിട്ടു.
വേണ്ടത് മൂന്ന് സിക്‌സ് മാത്രം, രോഹിത്തിന് ഷാഹിദ് അഫ്രീദിയെ മറികടക്കാം! എന്നാല്‍ ഒന്നാമനാവില്ല
എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്താത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്രയും വലിയ ഇടവേള രാഹുലിന് കൊടുക്കേണ്ടിയിരുന്നില്ലെന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!