കോലിയുടെ മോശം ഫോമിന് പോംവഴി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. മാനസികമായി കോലി ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇടവേളയെടുക്കുന്നതാണ് നല്ലതെന്നാണ് ഹഫീസിന്റെ നിര്‍ദേശം.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഗംഭീര പ്രകടമാണ് ഇന്ത്യ (Team India) പുറത്തെടുക്കുന്നത്. ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ടീം ടി20 പരമ്പരയില്‍ 2-1ന് മുന്നിലാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് (Shikhar Dhawan) ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്. ടി20യില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ചെത്തി. സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്ലാതെയാണ് ഇന്ത്യയുടെ നേട്ടം. 

കവിഞ്ഞ രണ്ട വര്‍ഷത്തോളം മോശം ഫോമിലൂടെയാണ് കോലി പോയികൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ആറ് ഇന്നിംഗ്‌സ് കളിച്ചും വ്യക്തിഗത സ്‌കോര്‍ 20നപ്പുറം കൊണ്ടുപോവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. കോലിയുടെ മോശം ഫോമിന് പോംവഴി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. മാനസികമായി കോലി ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇടവേളയെടുക്കുന്നതാണ് നല്ലതെന്നാണ് ഹഫീസിന്റെ നിര്‍ദേശം. പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയുടെ കാര്യത്തിലും ഹഫീസ് നേരത്തെ ഇതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്. 

'ആ വാദം ശരിയാവില്ല'; ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ശാസ്ത്രിയെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ താരം

''കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ഹസന്‍ അലി നേരിടുന്ന അതേ പ്രശ്‌നമാണ് കോലിക്കുമുള്ളത്. അദ്ദേഹത്തിന് ഒരു ഇടവേളയാണ് ഇപ്പോള്‍ വേണ്ടത്. കാരണം അത്രത്തോളം മാനസിക ബുദ്ധിമുട്ടിലൂടെയാണ് കോലി പോയി കൊണ്ടിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ കോലിക്ക് വിശ്രമം അനുവദിച്ചത് വിലയ കാര്യം തന്നെയാണ്.'' ഹഫീസ് പറഞ്ഞു. 

''ടീമിന്റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള താരമാണ് കോലി. എന്നാല്‍ കഴിഞ്ഞ 2-3 വര്‍ഷമായി കോലിക്ക് ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ല. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും ആ ഇന്നിംഗ്‌സ് യാതൊരുവിധത്തിലുള്ള ഇംപാക്റ്റും ഉണ്ടാക്കുന്നതായിരുന്നില്ല.'' ഹഫീസ് വിശദീകരിച്ചു. 

വിന്‍ഡീസിനെതിരായ നാലാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

''എല്ലാ താരങ്ങള്‍ക്കും ഒരു ഇടവേള വേണം. ബിസിസിഐ മികച്ച തീരുമാനമാണെടുത്തത്. ഈ ഇടവേളം കോലിക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കും.'' ഹഫീസ് പറഞ്ഞുനിര്‍ത്തി. 

വരുന്ന സിംബാബ്‌വെ പര്യടനത്തില്‍ നിന്നും കോലിയെ ഒഴിവാക്കിയിരുന്നു. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലാണ് കോലി തിരിച്ചെത്തുക. നേരത്തെ പാകിസ്ഥാന്‍ ക്യാപ്റ്റര്‍ ബാബര്‍ അസം കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോലിയുടെ മോശം സമയം കടന്നുപോകുമെന്നാണ് അസം പറഞ്ഞത്.