ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് ബോധപൂര്‍വം, ആരോപണവുമായി മുന്‍ പാക് താരങ്ങള്‍

By Web TeamFirst Published Jun 3, 2020, 5:51 PM IST
Highlights

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യക്ക് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

കറാച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് പോരട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ബോധപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി പാക് മുന്‍ താരങ്ങളായ അബ്ദുള്‍ റസാഖും മുഷ്താഖ് അഹമ്മദും. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഓരോ മത്സരത്തെക്കുറിച്ചും ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകമായ 'ഓണ്‍ ഫയറി'ലെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് റസാഖും മുഷ്താഖും ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിയില്‍ വിജയതൃഷ്ണ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുളള കൂട്ടുകെട്ടും ദുരൂഹമായിരുന്നുവെന്നും സ്റ്റോക്സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനോട് തോറ്റാല്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്താവുമെന്നതുകൊണ്ട് ഇന്ത്യ ബോധപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന്  റസാഖും മുഷ്താഖും ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. ഇന്ത്യ ബോധപൂര്‍വം തോല്‍ക്കുകയായിരുന്നുവെന്ന് സ്റ്റോക്സ് പുസ്തകത്തില്‍ പറയുന്നുണ്ടെന്ന മുന്‍ പാക് താരം സിക്കന്ദര്‍ ബക്ത് ട്വിറ്ററില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇത് നിഷേധിച്ച് സ്റ്റോക്സ് തന്നെ രംഗത്തെത്തിയിരുന്നു.


എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം കണ്ടാല്‍ ഇന്ത്യ മന:പൂര്‍വം തോറ്റതാണെന്ന് ആര്‍ക്കും മനസിലാവുമെന്നാണ് റസാഖിന്റെ നിലപാട്. സംഭവത്തില്‍ ഐസിസി ഇന്ത്യക്ക് പിഴ ചുമത്തണമെന്നും റസാഖ് ആവശ്യപ്പെട്ടു. നിലവാരമുള്ള ബൗളര്‍ അയാളുടെ നിലവാരത്തില്‍ പന്തെറിയാതിരിക്കുകയോ സിക്സും ഫോറും അടിക്കാന്‍ കഴിവുള്ള ബാറ്റ്സ്മാന്‍ പ്രതിരോധിച്ച് കളിക്കുകയോ ചെയ്യുമ്പോള്‍ അക്കാര്യം എല്ലാവരും ശ്രദ്ധിക്കും.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റുകൊടുക്കുകയായിരുന്നുവെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇക്കാര്യം അന്നേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റസാഖ് പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യക്ക് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

ഇംഗ്ലണ്ടിനോട് ഇന്ത്യ ബോധപൂര്‍വം തോല്‍ക്കുകയായിരുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തന്നോട് പറഞ്ഞിരുന്നതായി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ പാക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദും പറഞ്ഞു. ലോകകപ്പില്‍  വിന്‍ഡീസ് ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും ജേസണ്‍ ഹോള്‍ഡറും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതെന്നും മുഷ്താഖ് പറഞ്ഞു. പാക്കിസ്ഥാനെ സെമി കാണിക്കാതെ പുറത്താക്കാനായാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു കൊടുത്തതെന്നും വിന്‍ഡ‍ീസ് താരങ്ങള്‍ തന്നോട് പറഞ്ഞതായി മുഷ്താഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

click me!