കോലി, വില്യംസണ്‍, പൂജാര; ആരാവും സ്വപ്‌നഫൈനലിലെ റണ്‍വേട്ടക്കാരന്‍, പ്രവചനവുമായി മുന്‍താരങ്ങള്‍

By Web TeamFirst Published Jun 8, 2021, 1:51 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരം ആരായിരിക്കും എന്ന് പ്രവചിച്ച് അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, സ്‌കോട്ട് സ്റ്റൈറിസ്, പാര്‍ഥീവ് പട്ടേല്‍. 

സതാംപ്‌ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഏത് ടീമിനാണ് മുന്‍തൂക്കം എന്ന് പലരും ചര്‍ച്ച ചെയ്യുമ്പോള്‍ കലാശപ്പോരിലെ റണ്‍വേട്ടക്കാരനെ പ്രവചിക്കുകയാണ് മുന്‍താരങ്ങളായ അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, സ്‌കോട്ട് സ്റ്റൈറിസ്, പാര്‍ഥീവ് പട്ടേല്‍ എന്നിവര്‍. 

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് അജിത് അഗാര്‍ക്കര്‍ തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് മുമ്പ് കോലി തെളിയിച്ചിട്ടുള്ളതാണ് ഇതിന് കാരണം എന്ന് ഇന്ത്യന്‍ മുന്‍താരം പറയുന്നു. അതേസമയം ചേതേശ്വര്‍ പൂജാരയ്‌ക്കാണ് പാര്‍ഥീവ് പട്ടേലിന്‍റെ പിന്തുണ. ഇന്ത്യയാണ് ജയിക്കുന്നതെങ്കില്‍ പൂജാരയായിരിക്കും നിര്‍ണായകമെന്നും പാര്‍ഥീവ് പറ‍ഞ്ഞു. എന്നാല്‍ മറ്റൊരു മുന്‍താരമായ ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്തത് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെയാണ്. 

സ്വന്തം ടീമിലെ താരങ്ങളുടെ പേരാണ് ന്യൂസിലന്‍ഡ് മുന്‍താരം സ്‌കോട്ട് സ്റ്റൈറിസ് പറഞ്ഞത്. നായകന്‍ കെയ്‌ന്‍ വില്യംസണോ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ ഇരട്ട സെഞ്ചുറി നേടി വരവറിയിച്ച ദേവോണ്‍ കോണ്‍വേയോ ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്നാണ് സ്റ്റൈറിസിന്‍റെ പ്രവചനം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ ചാറ്റ് ഷോയിലാണ് മുന്‍താരങ്ങള്‍ മനസുതുറന്നത്.

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18-ാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, റോസ് ടെയ്‌ലര്‍ തുടങ്ങിയ വമ്പന്‍ ബാറ്റ്സ്‌മാന്‍മാരും കലാശപ്പോരില്‍ ഇരു ടീമിലുമായി ഇറങ്ങുന്നുണ്ട്. ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങളില്‍ അജിങ്ക്യ രഹാനെയും(1095), രോഹിത് ശര്‍മ്മയും(1030) മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരത്തിലേറെ റണ്‍സ് അടിച്ചുകൂട്ടിയ താരങ്ങള്‍. ന്യൂസിലന്‍ഡ് താരങ്ങളില്‍ മുന്നിലുള്ള കെയ്‌ന്‍ വില്യംസണ് 817 റണ്‍സാണ് സമ്പാദ്യം. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ഇന്ത്യ ഒരു സ്‌പിന്നറെ തീരുമാനിച്ചാല്‍ ആരാകും അത്? പ്രവചനവുമായി മൈക്കല്‍ ഹോള്‍ഡിംഗ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മുന്‍തൂക്കം ഇന്ത്യക്കെന്ന് വെംഗ്‌‌സര്‍ക്കാറും

എതിരാളികളുടെ പേടിസ്വപ്‌നം; ഇന്ത്യന്‍ യുവതാരം 100 ടെസ്റ്റുകള്‍ കളിക്കുമെന്ന് ദിനേശ് കാര്‍ത്തിക്
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!