ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒരേയൊരു വഴി; പൃഥ്വി ഷായെ ഉപദേശിച്ച് വിന്‍ഡീസ് ഇതിഹാസം

By Web TeamFirst Published Jan 27, 2021, 5:10 PM IST
Highlights

കഴിഞ്ഞ ഐപിഎല്ലിലും മോശം ഫോമിലായിരുന്നു താരം. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

ചെന്നൈ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് പൃഥ്വി ഷാ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താരം സെഞ്ചുറി നേടി. തൊട്ടടുത്ത ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 103 റണ്‍സും താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് പിറന്നു. എന്നാല്‍ പൊടുന്നനെ 21കാരന്‍റെ ഗ്രാഫ് താഴോട്ട് വീണു. ഓസ്‌ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയ താരം ടീമില്‍ നിന്ന് പുറത്തായി. 

കഴിഞ്ഞ ഐപിഎല്ലിലും മോശം ഫോമിലായിരുന്നു താരം. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണറായ താരത്തിന് ഫോമിലേക്ക് തിരികെയെത്താനുള്ള വഴി നിര്‍ദേശിക്കുകയാണ് മുന്‍ വിന്‍ഡീസ് താരവും ഇപ്പോല്‍ കമന്റേറ്ററുമായ ഇയാന്‍ ബിഷോപ്. 

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കഴിവ് തെളിയിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ബിഷോപ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തി കൂടുതല്‍ റണ്‍സ് നേടുകയല്ലാതെ മറ്റൊരു വഴിയില്ല. എന്നാല്‍ അതൊരിക്കലും എളുപ്പമല്ല. എങ്കിലും പൃഥ്വി അത് ചെയ്‌തേ പറ്റൂ. അവന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗ്യതയുള്ള നിരവധി പേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പരിശീകലനൊന്നുമല്ല.

ഫോമിലേക്ക് തിരിച്ചെത്താന്‍ അവനെ ആരെങ്കിലും സഹായിക്കേണ്ടതായുണ്ട്. അവനത് തിരിച്ചറിഞ്ഞാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ആത്മവിശ്വാസവും തിരിച്ചുപിടിക്കാം.'' ബിഷോപ് പറഞ്ഞുനിര്‍ത്തി.

ഓപ്പണറായി ഇറങ്ങി മികച്ച തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി. തുടക്കസമയത്ത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനോടാണ് താരത്തെ ഉപമിച്ചിരുന്നത്. വരാനിരിക്കുന്ന ഐപിഎഎല്‍ താരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഫോമിലായാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

click me!