'പ്രണയമാണ്, അത് നശിപ്പിക്കരുത്'; നാലുദിന ടെസ്റ്റ് നിര്‍ദേശത്തോട് സെവാഗ്

By Web TeamFirst Published Jan 13, 2020, 5:09 PM IST
Highlights

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്‌ക്കെടുക്കും

മുംബൈ: ചതുര്‍ദിന ടെസ്റ്റുകളെന്ന ഐസിസി നിര്‍ദേശത്തെ എതിര്‍ത്ത് ഇതിഹാസ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനെ ഒരിക്കലും വെട്ടിച്ചുരുക്കാന്‍ പാടില്ലെന്ന് വീരു വ്യക്തമാക്കി. 

'ടി20, ടി10 തുടങ്ങിയ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, ഔട്ടാക്കാന്‍ ബൗളറും ഇന്നിംഗ്‌സ് പടുത്തുടര്‍ത്താന്‍ ബാറ്റ്സ്‌മാനും ശ്രമിക്കുന്ന സുന്ദര കാഴ്‌ചയാണത്. ജഴ്‌സിയില്‍ പേരും നമ്പറും ചേര്‍ക്കുന്ന തരത്തിലുള്ള മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരം വെട്ടിച്ചുരുക്കിയാല്‍ അത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ശോഭ കെടുത്തും. 

കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് പരിഗണിച്ചാല്‍ കുറച്ച് മത്സരങ്ങളേ സമനിലയിലായിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 223 ടെസ്റ്റുകളില്‍ 31 മത്സരങ്ങള്‍ മാത്രമാണ് സമനിലയില്‍ അവസാനിച്ചത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നു, അതിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ടുപോകേണ്ടത്. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് യാഥാര്‍ത്ഥ്യമാക്കിയതിന് ദാദക്ക്(സൗരവ് ഗാംഗുലി) പറയണം. പകല്‍-രാത്രി ടെസ്റ്റുകളുണ്ടെങ്കില്‍ കാണികള്‍ തിരിച്ചെത്തിയേക്കും' എന്നും മുംബൈയില്‍ ഏഴാം പട്ടൗഡി പ്രഭാഷണത്തിനിടെ സെവാഗ് കൂട്ടിച്ചേര്‍ത്തു. 

ബിസിസിഐ നിലപാട് കാത്ത് ഐസിസി

ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പിന്തുണച്ചപ്പോള്‍ ബിസിസിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലീഷ്-ഓസ്‌ട്രേലിയന്‍ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്താവും ബിസിസിഐ തീരുമാനമെടുക്കുക. എന്നാല്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിംഗും ഗ്ലെന്‍ മഗ്രാത്തും ഐസിസി നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും പരിശീലകന്‍ രവി ശാസ്‌ത്രിയും ഐസിസി നിര്‍ദേശത്തെ എതിര്‍ത്തവരിലുണ്ട്. 

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്‌ക്കെടുക്കും. ചെയര്‍മാന്‍ അനിൽ കുംബ്ലെയെ കൂടാതെ മുന്‍ താരങ്ങളായ ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരാണ് ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗങ്ങള്‍.

click me!