
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം സ്വന്തമാക്കിയപ്പോള്‍ മത്സരശേഷം പിച്ചിനെ വന്ദിച്ച് മണ്ണെടുത്ത് നെറ്റിയില്‍ പൂശി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. വിജയാഘോഷങ്ങൾക്കിടയിൽ സൂര്യകുമാർ യാദവ് പിച്ചിന്‍റെ നടുവിലേക്ക് നടന്നുചെന്ന്, കുനിഞ്ഞ് മണ്ണിൽ തൊട്ട് വന്ദിക്കുകയും അത് നെറ്റിയിൽ പൂശുകയുമായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പിച്ചിനോടുള്ള ആദരസൂചകമായിട്ടായിരുന്നു സൂര്യകുമാർ പച്ചിനെ വന്ദിച്ചത്.
2024ലെ ടി20 ലോകകപ്പ് ജയിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ബാര്‍ബഡോസിലെ പിച്ചിനരികെയെത്തി മുട്ടുകുത്തിയിരുന്ന് മണ്ണെടുത്ത് കടിച്ചിരുന്നു. ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് വിജയങ്ങള്‍ക്ക് ശേഷം കോര്‍ട്ടിലെ പുല്ല് എടുത്ത് കടിക്കുന്നതിനെ അനുകരിച്ചായിരുന്നു രോഹിത് അങ്ങനെ ചെയ്തത്. പിന്നീട് ഗ്രൗണ്ടില്‍ ഇന്ത്യ പതാക നാട്ടിയ രോഹിത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരാധക മനസില്‍ ഇപ്പോഴും മായാത്ത ഓര്‍മയാണ്. ഇതിന് സമാനമായാണ് സൂര്യകുമാര്‍ യാദവ് ഇന്നലെ പിച്ചിനെ വന്ദിച്ച് മണ്ണെടുത്ത് നെറ്റിയില്‍ പൂശിയത്.
കഴിഞ്ഞ ലോകകപ്പില്‍ കിരീടം വാങ്ങാനെത്തിയ രോഹിത് 2022ലെ ഫുട്ബോള്‍ ലോകകപ്പ് നേടിയശേഷം ലിയോണ്‍ മെസി നടന്ന പൂച്ച നടത്തത്തെ അനുകരിച്ചായിരുന്നു കപ്പ് ഏറ്റുവാങ്ങിയതെങ്കില്‍ ഇന്നെലെ അത്തരം നാടകീയതയൊന്നുമുണ്ടായില്ല. ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍ നിന്ന് നിറഞ്ഞ ചിരിയോടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ മൂന്നാം കിരീടം ഏറ്റുവാങ്ങി. പിന്നീട് ടീമിനൊപ്പം വിജയാഘോഷം.
കിരീടപ്പോരില്‍ നിര്‍ണായക ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 89 റൺസുമായി മലയാളി താരം സഞ്ജു സാംസൺ ടോപ്പ് സ്കോററായപ്പോള്‍ അഭിഷേക് ശർമ്മയും ഇഷാന്‍ കിഷനു തകർപ്പൻ അർദ്ധസെഞ്ച്വറികള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ 159 റൺസിന് പുറത്താക്കിയാണ് ഇന്ത്യ 96 റണ്‍സിന്‍റെ വിജയവും ലോകകപ്പും സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!