
മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍. ജമ്മു കശ്മീരില്‍ നിന്നുള്ള മുന്‍ താരം മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ് ആകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ഇന്നലെ രാത്രി ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തില്‍ ആണ് തീരുമാനം. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന മന്‍ഹാസ്, ഗുജറാത്ത് ടീമിന്റെ സഹ പരിശീലകന്‍ ആയിരുന്നു. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എംപി രാജീവ് ശുക്ല വൈസ്പ്രസിഡന്റും, അസം സ്വദേശി ദേവജിത് സൈക്കിയ സെക്രട്ടറിയും ആയി തുടരും.
കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി. ഈ മാസം 28നാണ് തെരഞ്ഞെടുപ്പ്. നേരത്തെ, സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തേക്ക് വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഗാംഗുലിക്ക് ഒരിക്കല്‍ കൂടി ബി സി സി ഐ അധ്യക്ഷനാകാനുള്ള അവസരം നല്‍കണമെന്ന അഭിപ്രായം ബി സി സി ഐയിലും ബി ജെ പിയിലും ശക്തമാണ്. ഗാംഗുലിക്ക് പുറമേ ഹര്‍ഭജന്‍ സിംഗ്, കിരണ്‍ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ഇവരെ അധ്യക്ഷ സ്ഥാനത്തേക്കല്ലെങ്കില്‍ ബി സി സി ഐയുടെ വിവിധ ചുമതലകളില്‍ നിയോഗിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് ഗാംഗുലിക്ക് ബി സി സി ഐ പ്രസിഡന്റ് സ്ഥാനം നഷ്ടമായത് അമിത് ഷായുടെ വസതിയില്‍ ഇതുപോലെ നടന്ന യോഗത്തിലെ തീരുമാനത്തിന് പിന്നാലെയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് വര്‍ഷം കൂടി തുടരാമായിരുന്നെങ്കിലും അന്നത്തെ യോഗത്തില്‍ മുന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഉയര്‍ത്തിയ രൂക്ഷവിമര്‍ശനമാണ് ഗാംഗുലിക്ക് സ്ഥാനം നഷ്ടമാക്കിയതും റോജര്‍ ബിന്നി ബി സി സി ഐ പ്രസിഡന്റാവാന്‍ കാരണമായതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഗാംഗുലിക്ക് കൂടുതല്‍ അനുകൂലമാണ്. ഒരിക്കല്‍ കൂടി 'ദാദ' ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് എത്താനുള്ള സാധ്യതകളാണ് കാണുന്നത്.