അവരുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നു; മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

By Web TeamFirst Published May 22, 2020, 12:15 PM IST
Highlights

 ടീം സെലക്ഷനില്‍ ക്യാപ്റ്റനും കോച്ചിനും വോട്ടിംഗ് അവകാശം നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് പൂര്‍ണമായും ക്യാപ്റ്റന്റെ ചുമതലയാക്കണം.

ദില്ലി: എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ശരിയായ കളിക്കാരനെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയാതിരുന്നതാണ് ലോകകപ്പ് തന്നെ നഷ്ടമാവാന്‍ കാരണമെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു. പ്രസാദിനെയും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കൃഷ്ണമാചാരി ശ്രീകാന്തിനെയും ഇരുത്തിക്കൊണ്ടായിരുന്നു ഗംഭീറിന്റെ തുറന്നുപറച്ചില്‍.

താങ്കളുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രസാദിനോട് ഗംഭീര്‍ പറഞ്ഞു. രണ്ട് വര്‍ഷം നാലാം നമ്പറില്‍ പരീക്ഷിച്ച അംബാട്ടി റായുഡുവിനെ അവസാന നിമിഷം മാറ്റി വിജയ് ശങ്കറെ ടീമിലെടുക്കേണ്ട കാര്യമെന്തായിരുന്നു. രണ്ട് വര്‍ഷം റായുഡു നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. എന്നിട്ട് ലോകകപ്പിന് തൊട്ടുമുമ്പ് ഒഴിവാക്കി. എന്നിട്ട് ഒരു ത്രീ ഡി കളിക്കാരനെയും ടീമിലെടുത്തു. ഒരു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, നമുക്ക് വേണ്ടത് ത്രി ഡി കളിക്കാരനെയാണ് എന്നൊക്കെ പറയുമോ.

ഇത്രയും കാലം സെലക്ഷന്‍ കമ്മിറ്റിയെ നയിച്ചിട്ടും നാലാം നമ്പറിലേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ നിങ്ങളുടെ സംഘത്തിനായില്ല. ടീം സെലക്ഷനില്‍ ക്യാപ്റ്റനും കോച്ചിനും വോട്ടിംഗ് അവകാശം നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് പൂര്‍ണമായും ക്യാപ്റ്റന്റെ ചുമതലയാക്കണം. അവിടെ സെലക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ല. കാരണം സെലക്ഷന്‍ പാളിച്ചകള്‍ക്കും മറുപടി പറയേണ്ടത് ക്യാപ്റ്റനാണെന്നും ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് വിശദീകരണം നല്‍കാനാവുമെന്ന് പ്രസാദ് മറുപടി നല്‍കി. ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ എല്ലാവരും ബാറ്റ്സ്മാന്‍മാരാണ്. ധവാന്‍, രോഹിത്, കോലി അങ്ങനെ എല്ലാവരും. അപ്പോള്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാനറിയാവുന്ന ഒരു താരത്തെ ടീമിലെടുക്കാമെന്ന് കരുതി. അങ്ങനെയാണ് റായുഡുവിനെ തഴഞ്ഞ് മീഡിയം പേസര്‍ കൂടിയായ വിജയ് ശങ്കറെ ടീമിലെടുത്തതെന്നായിരുന്നു പ്രസാദിന്റെ മറുപടി.

സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെയും സീനിയര്‍ താരങ്ങളെ കൈകാര്യം ചെയ്ത രീതിക്കെതിരെയും മുന്‍ താരങ്ങളായ യുവരാജ് സിംഗും, സുരേഷ് റെയ്നയും ഇര്‍ഫാന്‍ പത്താനുമെല്ലാം രംഗത്തെത്തിയിരുന്നു.

click me!