ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗാംഗുലിയെന്ന് ഗ്രെയിം സ്മിത്ത്

By Web TeamFirst Published May 21, 2020, 7:44 PM IST
Highlights

നായക മികവും വിശ്വാസ്യതയുമാണ് ഗാംഗുലിയുടെ ഏറ്റവും വലിയ കരുത്ത്. ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ഗാംഗുലിയെപ്പോലൊരാള്‍ക്ക് കഴിയും

ജൊഹാനസ്ബര്‍ഗ്: ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്. കൊവിഡ് കാലത്തിനുശേഷം ക്രിക്കറ്റ് എങ്ങനെ മുന്നോട്ടുപോകുമെന്നത് നിര്‍ണായകമാണ്. ഈ നിര്‍ണായകഘട്ടത്തില്‍ ഐസിസിയെ നയിക്കാന്‍ ഗാംഗുലിയെപ്പോലൊരാളാണ് ഏറ്റവും യോഗ്യന്‍.

ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ഗാംഗുലി ഐസിസിയെ നയിക്കാനെത്തുന്നതാണ് നല്ലത്. കാരണം ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഗാംഗുലി രാജ്യാന്തര തലത്തിലെ പ്രകടനങ്ങളുടെ പേരിലും ഏറെ ബഹുമാന്യനാണ്. അതുകൊണ്ടുതന്നെ ഗാംഗുലി ഐസിസി പ്രസിഡന്റാവുകയാണെങ്കില്‍ അത് ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും-സ്മിത്ത് പറ‍ഞ്ഞു.

Aslo Read: രാഷ്ട്രീയക്കളിയിലും മിടുക്കനാണ്; ഐസിസിയെ നയിക്കന്‍ ഗാംഗുലിക്ക് ആവുമെന്ന് ഇംഗ്ലീഷ് ഇതിഹാസം


നായക മികവും വിശ്വാസ്യതയുമാണ് ഗാംഗുലിയുടെ ഏറ്റവും വലിയ കരുത്ത്. ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ഗാംഗുലിയെപ്പോലൊരാള്‍ക്ക് കഴിയും. ഐസിസി തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് ചില പേരുകളും പരിഗണനയിലുണ്ട്. പക്ഷെ പുരോഗമന കാഴ്ചപ്പാടുള്ള ആളായിരിക്കണം ഐസിസിയെ നയിക്കേണ്ടത്. അതുകൊണ്ടുതന്നെ ഗാംഗുലി വരുന്നതാവും ഏറ്റവും ഉചിതം-സ്മിത്ത് പറഞ്ഞു.

ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഉയര്‍ന്നാല്‍ പിന്തുണക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജാക്വസ് ഫോളും പറഞ്ഞു. സുപ്രീംകോടതി ബിസിസിഐ ഭരണഘടനാ ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ ബിസിസിഐ പ്രസിഡന്റ് പദവിയില്‍ ഗാംഗുലിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. മെയ് 28ന് ചേരുന്ന ഐസിസി ബോര്‍ഡ് യോഗം പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.

click me!