
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭറിന്‍റെ പ്രകടനം ബിസിസിഐ വിലയിരുത്തുമെന്ന് റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയിലും മികവ് കാട്ടാനായില്ലെങ്കില്‍ ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കുന്ന കാര്യം പോലും ബിസിസിഐ പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ തെരഞ്ഞെടുത്തത്. എന്നാല്‍ ഗംഭീറിന് കീഴില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലോകകപ്പ് ടീമിലെ നിർണായക താരം, എന്നിട്ടും അവനെ എന്തിന് ഒഴിവാക്കിയെന്ന് ആകാശ് ചോപ്ര
ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി തുടങ്ങിയ ഗംഭീര്‍ പക്ഷെ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. 27 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചത്. പിന്നാലെ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇതാദ്യമായാണ് നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോല്‍ക്കുന്നത്.
ഇതിനുശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് 1-3ന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്ഥാനവും കൈവിട്ടു. ഇതിന് പിന്നാലെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും കൂടി നിരാശപ്പെടുത്തിയാല്‍ ബിസിസിഐ കടുത്ത നടപടിയെടുക്കാന്‍ മടിക്കെല്ലെന്നാണ് റിപ്പോര്‍ട്ട്.
ജസ്പ്രീത് ബുമ്രക്ക് ഐസിസി പുരസ്കാരം, ഡിസംബറിലെ താരം; അന്നാബെല്‍ സതര്‍ലാന്‍ഡ് വനിതാ താരം
വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല എന്നതിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഗംഭീറിന അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് രോഹിത് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ടീമില്‍ നിന്ന് പുറത്തിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ത ഇത് ഇന്ന് നിഷേധിച്ചിരുന്നു. എന്തായാലും ചാമ്പ്യൻസ് ട്രോഫി ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശര്‍മക്കും ഒരുപോലെ പ്രധാനപ്പെട്ടതാകുമെന്നാണ് കരുതുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇരുവരുടെയും സ്ഥാനങ്ങള്‍ സംരക്ഷിക്കില്ലെന്ന സൂചനയാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക