ശിവം ദുബെയ്ക്കും റുതുരാജ് ഗെയ്ക്‌വാദിനുമൊക്കെ എന്താണ് സംഭവിച്ചത്. ഇവര്‍ രണ്ടു പേരും ഇന്ത്യൻ ടീമിൽ എത്താതിരിക്കാന്‍ എന്താവും കാരണം.
മുംബൈ: ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ നിര്‍ണായക താരമായിരുന്നിട്ടും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ശിവം ദുബെയെ ഒഴിവാക്കിയതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ശിവം ദുബെയ്ക്കും റുതുരാജ് ഗെയ്ക്‌വാദിനുമൊക്കെ എന്താണ് സംഭവിച്ചത്. ഇവര്‍ രണ്ടു പേരും ഇന്ത്യൻ ടീമിൽ എത്താതിരിക്കാന്‍ എന്താവും കാരണം. അതുപോലെ രജത് പാടീദാറിനെയും കാണാനില്ല. സ്വാഭാവികമായി ബാറ്റിംഗ് കരുത്തുള്ളതുകൊണ്ടായിരിക്കും റുതുരാജിനെയും പാടീദാറിനെയുമെല്ലാം ഒഴിവാക്കിയത്. എന്നാല്‍ ശിവം ദുബെയുടെ കാര്യം അങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം ലോകകപ്പ് ജയിച്ച ടീമിലെ നിര്‍ണായക താരമായിരുന്നു അയാള്‍.
ജസ്പ്രീത് ബുമ്രക്ക് ഐസിസി പുരസ്കാരം, ഡിസംബറിലെ താരം; അന്നാബെല്‍ സതര്‍ലാന്‍ഡ് വനിതാ താരം
ലോകകപ്പ് ജയിക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ലോകകപ്പ് ഫൈനലില്‍ ശിവം ദുബെ ഭേദപ്പെട്ട പ്രകടനം നടത്തുയും ചെയ്തിരുന്നു. അതിന് മുമ്പ് അവന്‍റെ ഫീല്‍ഡിംഗിനെയും ബാറ്റിംഗിനെയും കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിലെ പ്രകടനത്തോടെ അതൊക്കെ മാറി.
ലോകകപ്പിനുശേഷം പരിക്കേറ്റ ശിവം ദുബെയ്ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോഴാകട്ടെ ടീമില്‍ നിന്ന് തന്നെ പാടെ ഒഴിവാക്കുകയും ചെയ്തു. അവനെക്കുറിച്ച് ആരും ഇപ്പോള്‍ ഒന്നും പറയുന്നില്ല. അതുപോലെ പരിക്കുമൂലം പുറത്തായൊരാളാണ് റിയാന്‍ പരാഗ്. എന്നാല്‍ പരാഗിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്നെങ്കിലും പറയാം. പക്ഷെ അപ്പോഴും ശിവം ദുബെയെ എന്തുകൊണ്ട് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ലെന്നും അവന്‍ പൊടുന്നനെ അപ്രത്യക്ഷമായെന്നും ആകാശ് ചോപ്ര ചോദിച്ചു.
ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയെ ബാവുമ നയിക്കും,ആന്‍റിച്ച് നോര്‍ക്യയയും ലുങ്കി എൻഗിഡിയും ടീമില്‍
ലോകകപ്പില്‍ കളിക്കാന്‍ അവന്‍ യോഗ്യനാണെങ്കില്‍ ഒന്നു രണ്ട് വര്‍ഷം കൂടി ഇന്ത്യക്കായി കളിക്കാന്‍ അവനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പരിക്ക് മൂലമാണ് അവന്‍ പുറത്തായതെന്ന് പറഞ്ഞാലും പരിക്കേറ്റ് പുറത്താവുന്നവര്‍ പരിക്ക് മാറി തിരിച്ചെത്തിയാല്‍ അവര്‍ക്കാകണം ആദ്യ പരിഗണനയെന്ന് ഒരു തത്വമുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പരിക്കേറ്റവരുടെ പകരക്കാരായി എത്തിയവരെ പുറത്തിരുത്തുന്നതാണ് സാധാരണ രീതിയെന്നും ആകാശ് ചോപ്ര പറഞ്ഞു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ വരവോടെയാണോ ശിവം ദുബെയുടെ പ്രതീക്ഷകള്‍ അവസാനിച്ചതെന്നും ഇക്കാര്യം സെലക്ടര്‍മാര്‍ ക്യത്യമായി ദുബേയോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
