Latest Videos

ഇന്ത്യൻ കോച്ച് ആവാൻ ഗംഭീറിന് സമ്മതം, പക്ഷെ ധർമസങ്കടത്തിലാക്കുന്നത് ഷാരൂഖ് ഖാന്‍റെ മോഹിപ്പിക്കുന്ന വാഗ്ദാനം

By Web TeamFirst Published May 26, 2024, 11:39 AM IST
Highlights

 വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ പരിശീലകരില്‍ ഗംഭീറിന്‍റെ പേര് മാത്രമാണ് ബിസിസിഐക്ക് മുന്നിലുള്ളത്.

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ചെന്നൈയില്‍ ഏറ്റുമുട്ടാനിരിക്കെ ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചെന്നൈയില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും മറ്റ് ബിസിസിഐ ഭാരവാഹികളുമായി ഗംഭീര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയാവാന്‍ ബിസിസിഐ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍സമയ പരിശീലകരാവാന്‍ ഇവാരാരും തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിദേശ പരിശീലകരെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ തള്ളുകയും ചെയ്തു. ഇന്ത്യന്‍ ടീമിനെ നന്നായി അറിയാവുന്ന പരിശീലകനെയാണ് തേടുന്നതെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യക്കാരന്‍ തന്നെ പരിശീലകനായി വരാനുള്ള സാധ്യത കൂടി.

കോടികള്‍ വാരിയെറിഞ്ഞത് വെറുതെയായില്ല; ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരങ്ങള്‍ കിരീടപ്പോരില്‍ നേര്‍ക്കുനേര്‍

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ പരിശീലകരില്‍ ഗംഭീറിന്‍റെ പേര് മാത്രമാണ് ബിസിസിഐക്ക് മുന്നിലുള്ളത്. ഇത്തവണ കൊല്‍ക്കത്തയെ ഫൈനലിലെത്തിച്ച മികവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഗംഭീറിന് കൈ കൊടുക്കാന്‍ ബിസിസിഐ തയാറാണ്. ഗംഭീറിനും ഇന്ത്യന്‍ കോച്ചാവുന്നതില്‍ താല്‍പര്യക്കുറവില്ലെങ്കിലും കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാന്‍റെ സമ്മര്‍ദ്ദമാണ് തീരുമാനമെടുക്കുന്നതില്‍ നിന്ന് ഗംഭീറിനെ തടയുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 10 വര്‍ഷത്തേക്ക് എങ്കിലും ഗംഭീര്‍ കൊല്‍ക്കത്തക്ക് ഒപ്പം വേണമെന്നും ഇതിനായി ബ്ലാങ്ക് ചെക്ക് നല്‍കാമെന്നും ഷാരൂഖ് ഗംഭീറിന് മുന്നില്‍ വാഗ്ദാനം ചെയ്തുവെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാരൂഖ് ഖാന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ലഖ്നൗ മെന്‍ററായിരുന്ന ഗംഭീര്‍ ഇത്തവണ കൊല്‍ക്കത്ത ഉപദേഷ്ടാവായി തിരിച്ചെത്തിയത്.

Shah Rukh Khan wants Gautam Gambhir to stay with KKR for a minimum of 10 years. (Dainik Jagran). pic.twitter.com/NAixYIaDvM

— Mufaddal Vohra (@mufaddal_vohra)

കൊല്‍ക്കത്ത കിരീടം നേടിയാല്‍ ഗംഭീറിനെ കാത്തിരിക്കുന്നത് വലിയ ചുമതല; ഹൈരാദാബാദിന്‍റെ വീരനായകനാകാൻ കമിൻസും

നാളെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഐപിഎല്‍ ഫൈനലിന് മുമ്പ് ഗംഭീറിന്‍റെ കാര്യത്തില്‍ തീരുമാനമായാല്‍ ബിസിസിഐ മറ്റൊരു പേര് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗംഭീറിന്‍റെ ഹെഡ്മാസ്റ്റര്‍ ശൈലി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് എത്രകണ്ട് ഉള്‍ക്കൊള്ളാനാവുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മുമ്പ് ഇനല്‍ കുംബ്ലെയെ പരിശീലകനാക്കിയപ്പോള്‍ വിരാട് കോലി അടക്കമുള്ള കളിക്കാര്‍ ഉയര്‍ത്തിയ പ്രധാന പരാതി കുംബ്ലെയുടെ ഹെഡ്മാസ്റ്റര്‍ ശൈലിയെക്കുറിച്ചായിരുന്നുവെന്നതും ബിസിസിഐക്ക് കണക്കിലെടുക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!