ധോണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍

By Web TeamFirst Published Sep 26, 2019, 5:30 PM IST
Highlights

വിരമിക്കല്‍ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. പക്ഷെ ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് സംസാരിക്കണം

ദില്ലി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യക്കായി കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുത്ത പരമ്പരകളില്‍ മാത്രം കളിക്കാനാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഭാവികാര്യങ്ങളെക്കുറിച്ച് സെലക്ടര്‍മാര്‍ ധോണിയോട് സംസാരിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

വിരമിക്കല്‍ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. പക്ഷെ ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് സംസാരിക്കണം. ഭാവിപദ്ധതികള്‍ എന്തൊക്കെയാണെന്ന് ചോദിക്കണം. ആത്യന്തികമായി, ഇന്ത്യക്കായി കളിക്കുമ്പോള്‍ ഒരു കളിക്കാരനും ചില പരമ്പരകള്‍ മാത്രം തെരഞ്ഞെടുത്ത് കളിക്കാനാവില്ല-ഗംഭീര്‍ പറഞ്ഞു.

ലോകകപ്പിനുശേഷം ഇന്ത്യക്കായി ധോണി കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി സൈനിക സേവനത്തിനായി പോയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരക്കുള്ള ടീമിലും ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. നവംബര്‍ വരെ തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി സെലക്ടര്‍മാരെ അറിയച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.

ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ ഋഷഭ് പന്തിന് തിളങ്ങാനാവാത്തതില്‍ ആശങ്ക വേണ്ടെന്നും ഗംഭീര്‍ പറഞ്ഞു. പന്തിന് 21 വയസേ ആയിട്ടുള്ളു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി നേടാന്‍ പന്തിനായിട്ടുണ്ട്. പന്തിനെ ഏതെങ്കിലും താരവുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല.

പന്തിന് സ്വതന്ത്രമായി കളിക്കാനുള്ള അവസരമൊരുക്കയാണ് വേണ്ടത്. രവി ശാസ്ത്രിയും വിരാട് കോലിയും മാത്രമല്ല ടീം മാനേജ്മെന്റും ഇക്കാര്യത്തില്‍ പന്തിനോട് സംസാരിക്കണം. പന്തിനെ നിയന്ത്രിച്ച് നിര്‍ത്തിയാല്‍ അയാളുടെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.

click me!