
ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരെ സൗരാഷ്‌ട്രക്ക് 187 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 34 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റിന് 186 റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്.
കേരളത്തിനായി ഓപ്പണര്‍മാരായ വിഷ്‌ണു വിനോദും വിനൂപ് മനോഹരനും 11.3 ഓവറില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിനൂപ് 47 റണ്‍സും വിഷ്‌ണു 41 റണ്‍സുമെടുത്ത് പുറത്തായ ശേഷം കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ മധ്യനിരക്കായില്ല. നായകന്‍ റോബിന്‍ ഉത്തപ്പ അഞ്ച് റണ്‍സില്‍ പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്‌ചവെച്ച സഞ്‌ജു സാംസണ്‍ 16 റണ്‍സില്‍ മടങ്ങി.
മുന്‍ നായകന്‍ സച്ചിന്‍ ബേബിക്ക് നേടാനായത് 26 റണ്‍സ്. മുഹമ്മദ് അസറുദ്ദീന്‍(8), സല്‍മാന്‍ നിസാര്‍(8), ബേസില്‍ തമ്പി(1) എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായപ്പോള്‍ 22 റണ്‍സെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കെ എം ആസിഫും(2*) സന്ദീപ് വാര്യരും(3*) പുറത്താകാതെ നിന്നു. സൗരാഷ്‌ട്രക്കായി ചിരാഗ് മൂന്നും ഉനദ്‌കട്ടും മക്‌വാനയും രണ്ട് വിക്കറ്റ് വീതവും നേടി.
കേരളത്തിന്‍റെയും സൗരാഷ്‌ട്രയുടെയും ആദ്യ മത്സരങ്ങള്‍ കഴിഞ്ഞദിവസം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇരുടീമുകള്‍ക്കും രണ്ട് പോയിന്‍റ് വീതമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!