അഫ്രീദിക്ക് കൊവിഡ്; പ്രതികരണവുമായി ഗംഭീര്‍

By Web TeamFirst Published Jun 13, 2020, 7:24 PM IST
Highlights

ഇന്ത്യയിലെ ജനങ്ങളെ കുറിച്ചാണ് എന്റെ ആശങ്ക മുഴുവന്‍. കൊവിഡിനെ നേരിടാന്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അവരിപ്പോള്‍ ചെയ്യേണ്ടത് അവരുടെ രാജ്യത്തെ ജനങ്ങളെ സഹായിക്കുകയാണ്

ദില്ലി: കളിക്കളത്തിലും പുറത്തും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടാറുണ്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയും. രാഷ്ട്രീയ വിഷയങ്ങളിലടക്കം ഇരുവരും വാദപ്തിവാദങ്ങളുമായി എത്താറുമുണ്ട്. എന്നാല്‍ അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയോട് ഗംഭീറിന്റെ പ്രതികരണം വളരെ പക്വതയോടെയായിരുന്നു. ഇന്നാണ് അഫ്രീദിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ആര്‍ക്കും ഈ വൈറസ് ബാധിക്കരുതേ എന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയകാര്യങ്ങളില്‍ അഫ്രീദിയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ കൊവിഡ‍് രോഗബാധയില്‍ നിന്ന് അദ്ദേഹം എത്രയും വേഗം സുഖപ്പെടട്ടെ എന്നാണ് ഞാന്‍ ആശംസിക്കുന്നത്. അഫ്രീദി മാത്രമല്ല,  നമ്മുടെ രാജ്യത്തുള്ള രോഗബാധിതരെല്ലാം എത്രയും വേഗം രോഗമുക്തി നേടണമെന്നാണ് എന്റെ ആഗ്രഹം. സലാം ക്രിക്കറ്റ് 2020യില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.

Also Read: ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; മറുപടിയുമായി കമ്രാന്‍ അക്മല്‍

ഇന്ത്യയിലെ ജനങ്ങളെ കുറിച്ചാണ് എന്റെ ആശങ്ക മുഴുവന്‍. കൊവിഡിനെ നേരിടാന്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അവരിപ്പോള്‍ ചെയ്യേണ്ടത് അവരുടെ രാജ്യത്തെ ജനങ്ങളെ സഹായിക്കുകയാണ്. അവര്‍ സഹായം വാഗ്ദാനം ചെയ്തതില്‍ എനിക്ക് നന്ദിയുണ്ട്. പക്ഷെ അതിന് മുമ്പ് അവര്‍ അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കട്ടെ-ഗംഭീര്‍ പറഞ്ഞു.


അഫ്രീദിയും ഗംഭീറും വാക്കുകള്‍കൊണ്ടുള്ള പോരാട്ടം നിര്‍ത്തണമെന്ന് നേരത്ത് പാക് മുന്‍ താരം വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടിരുന്നു. ഇരുവരും അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്നും കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്നും വഖാര്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തെ പാക് മുന്‍ ഓപ്പണര്‍ തൗഫീഖ് ഉമറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഇതുവപെ 1, 30000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50000ത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 2500 പേരാണ് പാക്കിസ്ഥാനില്‍ കൊവിഡ് മൂലം മരിച്ചത്.

click me!