ആര്‍പി സിംഗുമായി ദീര്‍മേറിയ ചര്‍ച്ച; ദില്ലിയില്‍ ഐപിഎല്‍ മത്സരം കാണാന്‍ ഗൗതം ഗംഭീറും

Published : May 08, 2026, 09:59 PM IST
Gautam Gambhir

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ടര്‍ ആര്‍ പി സിംഗിനൊപ്പം ദില്ലിയില്‍ ഐപിഎല്‍ മത്സരം കാണാനെത്തി. ഇരുവരും ദീര്‍ഘനേരം ചര്‍ച്ചയില്‍ ഏര്‍പ്പെട്ടത്, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി പുതിയ താരങ്ങളെ കണ്ടെത്താനാണ് ഗംഭീര്‍ എത്തിയതെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യാഴാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കാണാനെത്തി. ഇന്ത്യന്‍ ടീം സെലക്ടര്‍ ആര്‍ പി സിംഗിനൊപ്പമിരുന്നാണ് ഗംഭീര്‍ മത്സരം വീക്ഷിച്ചത്. കളിയിലുടനീളം ഇരുവരും ദീര്‍ഘനേരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിക്കപ്പെട്ടു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുമായും ഗംഭീര്‍ സംസാരിച്ചു. 2024 ഐപിഎല്ലില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശേഷം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റിരുന്നു.

അതിനുശേഷം ആദ്യമായാണ് അദ്ദേഹം ഒരു ഐപിഎല്‍ മത്സരം നേരിട്ട് കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നത്. ഗംഭീറിന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത് ഡല്‍ഹിയിലൂടെയായിരുന്നു. കൊല്‍ക്കത്തയ്ക്ക് രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്ത ശേഷം 2018ല്‍ വിരമിക്കുന്നതിന് മുന്‍പുള്ള അവസാന സീസണിലും അദ്ദേഹം ഡല്‍ഹിക്ക് വേണ്ടിയാണ് കളിച്ചത്. അതുകൊണ്ടുതന്നെ സ്വന്തം തട്ടകമായ ഡല്‍ഹിയില്‍ നടന്ന മത്സരത്തിന് അദ്ദേഹം എത്തിയത് ഏറെ സവിശേഷതയുള്ളതായിരുന്നു.

ഗംഭീറിന്റെ സന്ദര്‍ശനത്തിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ലെങ്കിലും, വരാനിരിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി പുതിയ താരങ്ങളെ കണ്ടെത്താനാണ് അദ്ദേഹം എത്തിയതെന്നാണ് കരുതുന്നത്. സെലക്ടര്‍ ആര്‍ പി സിംഗ് കൂടി കൂടെയുള്ളത് ഈ ഊഹാപോഹങ്ങള്‍ക്ക് ശക്തി നല്‍കുന്നു.

ഈ വര്‍ഷം അവസാനം ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ വൈറ്റ് ബോള്‍ പരമ്പരകളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. കൂടാതെ 2027 ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള നിര്‍ണ്ണായകമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ 2026-ല്‍ തിളങ്ങുന്ന യുവതാരങ്ങളുടെ പ്രകടനം നേരിട്ട് വിലയിരുത്തുക എന്നതായിരുന്നു ഗംഭീറിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അടുത്ത സച്ചിനെ തിരയുന്നത് നിര്‍ത്തൂ'; വൈഭവുമായുള്ള താരതമ്യത്തില്‍ അതൃപ്തി പ്രകടമാക്കി കേദാര്‍ ജാദവ്
ത്യാഗിക്കും അനുകൂലിനും രണ്ട് വിക്കറ്റ്; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 143 റണ്‍സ് വിജയലക്ഷ്യം