ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പര ആരംഭിക്കുമ്പോള്‍, യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ ശക്തമായതിനാല്‍ സൂര്യവംശിയുടെ അരങ്ങേറ്റം അനിശ്ചിതത്വത്തിലാണ്, അന്തിമ തീരുമാനം ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് എടുക്കുമെന്ന് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക് അറിയിച്ചു.

ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്ന പ്രധാന ചോദ്യം യുവതാരം വൈഭവ് സൂര്യവംശി തന്റെ കന്നി അന്താരാഷ്ട്ര ക്യാപ് അണിയുമോ എന്നതാണ്. ടീമിന്റെ ടോപ്പ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ഉള്ളതിനാല്‍, സൂര്യവംശിക്ക് സ്ഥാനം ലഭിക്കണമെങ്കില്‍ നിലവിലെ ടീമിലെ പ്രമുഖ താരങ്ങളില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനയൊന്നും നല്‍കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക് തയ്യാറായില്ല. എന്നാല്‍, മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ തഴയുന്നത് ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ''ഇന്ത്യയില്‍ നിരവധി പ്രതിഭകളുണ്ട്. നിലവില്‍ മികച്ച ഫോമിലുള്ള താരങ്ങളെ അവഗണിക്കാന്‍ കഴിയില്ല. പുതിയ താരങ്ങള്‍ വരുന്നത് ആരോഗ്യകരമായ മത്സരം കാഴ്ചവെക്കും. എല്ലാവര്‍ക്കും അവരുടേതായ സമയം വരും.'' കൊടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ടീം മാനേജ്മെന്റ് വൈകുന്നേരം ചേരുന്ന യോഗത്തില്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ടര്‍-19 കാലഘട്ടം മുതല്‍ സൂര്യവംശിയുടെ കഴിവിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും, അവന്‍ ഒരു മികച്ച പ്രതിഭയാണെന്നും കൊടക് അഭിപ്രായപ്പെട്ടു. സീനിയര്‍ ടീമിലെ അന്തരീക്ഷവുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ അവനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രേയസ് അയ്യര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതായും, അദ്ദേഹം മികച്ച രീതിയില്‍ ടീമിനെ നയിക്കുമെന്നും കൊടക് വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയതില്‍ ഗൗതം ഗംഭീറിനൊപ്പം നിര്‍ണായക പങ്കുവഹിച്ച ശ്രേയസിന് ടീമിനെ നയിക്കുന്നതില്‍ വലിയ അനുഭവസമ്പത്തുണ്ട്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ടീം സംസ്‌കാരമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന് ശേഷമാകും വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോ അതോ സീനിയര്‍ താരങ്ങള്‍ക്ക് തന്നെ മുന്‍ഗണന നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

YouTube video player