
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അടുത്തിടെ ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നാണ് താരം പറഞ്ഞത്. 2013ല്‍ ഇന്ത്യക്കെതിരെ ഹൈദരാബാദിലായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റ് അദ്ദേഹത്തിന് ശരിയായി വഴങ്ങിയില്ല. ഇതുവരെ ഏഴ് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. ബംഗ്ലാദേശിനെതിരെയാണ് അവസാനമായി കളിച്ചത്.
അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ മാക്‌സ്‌വെല്ലിനായില്ല. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ തനിക്ക് തിളങ്ങാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മാക്‌സ്‌വെല്‍. താരത്തിന്റെ വാക്കുകള്‍... ''ഇന്ത്യക്കാരിയായ എന്റെ ഭാര്യ അവിടെ താമസിച്ചതിനേക്കാള്‍ കാലം ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നു. എനിക്ക് ഏറെ പരിചയമുള്ള ഇടമാണത്. അവിടെ ഒരുപാട് കാലം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട്. എനിക്ക് ഇനിയൊരു അവസരം ലഭിച്ചാല്‍ തിളങ്ങാനാവുമെന്നുള്ള പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ എനിക്ക് സാധിക്കും.'' മാക്‌വെല്‍ പറഞ്ഞു.
''ഞാന്‍ ഓസീസിന് വേണ്ടി ടെസ്റ്റ് കളിച്ചിട്ട് ഏറെയായി. ഇപ്പോള്‍ അതിയായ ആഗ്രഹമുണ്ട് ടെസ്റ്റ് കളിക്കാന്‍. സമ്മര്‍ അവസാനിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിടം കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. 2019 മുതല്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബിഗ് ബാഷിന് മുമ്പ് എനിക്ക് രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കും.'' മാക്‌സ്‌വെല്‍ പറഞ്ഞു.
ഇതുവരെ ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സ് മാത്രമാണ് മാക്‌സിയുടെ സമ്പാദ്യം. ശരാശരിയാവട്ടെ 30ന് താഴെയും. ഇന്ത്യയില്‍ ദീര്‍ഘകാലമായി ഐപിഎല്‍ കളിക്കുന്നുണ്ട് മാക്‌സ്‌വെല്‍. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് മാക്‌സ്‌വെല്‍. ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ പാക് ടീമിന് കോലിപ്പേടിയുണ്ടാകും; കാരണം വെളിപ്പെടുത്തി ഡാനിഷ് കനേറിയ