ഒരു യുവ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ ബൗള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസീസ് മുന്‍താരം

സിഡ്‌നി: റോ പേസ് കൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന പേസറാണ് ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ. ലീയുടെ പന്തുകളുടെ വേഗവും കൃത്യതയും അറിയാത്ത ബാറ്റര്‍മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ കാണില്ല. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കൊക്കെ എതിരെ ഏറെത്തവണ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ ഒരു യുവ ഇന്ത്യന്‍ താരത്തിനെതിരെ ബൗള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസീസ് മുന്‍താരം. 

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെയും വീരേന്ദര്‍ സെവാഗിനെതിരെയും കരിയറിന്‍റെ തുടക്കകാലത്ത് വിരാട് കോലിക്കെതിരേയും പന്തെറിയാനായതില്‍ അഭിമാനമുണ്ട്. എതിരെ പന്തെറിയാന്‍ ഏറെ ആകാംക്ഷയുള്ള താരമാണ് റിഷഭ് പന്ത്. ക്രീസില്‍ ഓടിനടന്ന് അക്രമണോത്സുകമായി ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ കളിക്കാന്‍ ഞാനാഗ്രഹിക്കുന്നു. പാരമ്പര്യ രീതികള്‍ വിട്ട് ബാറ്റേന്തുന്ന റിഷഭിനെതിരെ പന്തെറിയാന്‍ ബുദ്ധിമുട്ടാകും. അദ്ദേഹം ചിലപ്പോഴെന്നെ സിക്‌സറിന് പറത്തിയേക്കാം. എന്നലത് പ്രശ്‌നമല്ല' എന്നും ബ്രെറ്റ് ലീ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഇപ്പോള്‍ 45 വയസുള്ള ബ്രെറ്റ് ലീ 2015ലാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചത്. ഓസീസിനെ 76 ടെസ്റ്റിലും 221 ഏകദിനങ്ങളിലും 25 രാജ്യാന്തര ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. തന്‍റെ ജനറേഷനിലെ ബാറ്റര്‍മാരുടെ ഏറ്റവും പേടിസ്വ‌പ്നമുള്ള പേസര്‍മാരില്‍ ഒരാളെന്ന് പേരെടുത്ത ലീ ഇന്ത്യക്കെതിരെ 12 ടെസ്റ്റില്‍ 53ഉം 32 ഏകദിനത്തില്‍ 55ഉം വിക്കറ്റ് കൊയ്‌തു. ടെസ്റ്റില്‍ 310ഉം ഏകദിനത്തില്‍ 380ഉം ടി20യില്‍ 28ഉം വിക്കറ്റുകള്‍ ബ്രെറ്റ് ലീയുടെ രാജ്യാന്തര കരിയറിലുണ്ട്. ടെസ്റ്റില്‍ 10ഉം ഏകദിനത്തില്‍ 9ഉം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയോടെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി മാറിയ താരമാണ് റിഷഭ് പന്ത്. നിലവില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലും റിഷഭ് കളിക്കുന്നുണ്ട്. ഇന്ത്യയെ 31 ടെസ്റ്റിലും 27 ഏകദിനങ്ങളിലും 54 ടി20യിലും റിഷഭ് പന്ത് ഇതിനകം പ്രതിനിധീകരിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ 5 സെഞ്ചുറികളോടെ 2123 റണ്‍സും ഏകദിനത്തില്‍ ഒരു സെഞ്ചുറിയോടെ 840 റണ്‍സും രാജ്യാന്തര ടി20യില്‍ 883 റണ്‍സും സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ 98 മത്സരങ്ങളില്‍ 2838 റണ്‍സും റിഷഭ് പന്തിനുണ്ട്. നിലവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി യുഎഇയിലാണ് താരം. 

ഏഷ്യാ കപ്പില്‍ പാക് ടീമിന് കോലിപ്പേടിയുണ്ടാകും; കാരണം വെളിപ്പെടുത്തി ഡാനിഷ് കനേറിയ