
മുംബൈ: തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിയപ്പോള്‍ ആരാധകര്‍ കപ്പ് മോഹിച്ചതാണ്, എന്നാല്‍ ഓസ്ട്രേലിയയോട് അതിദയനീയമായി കാലടറി വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ടീം ഇന്ത്യ ദാരുണമായി 209 റണ്ണിന്‍റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ വിമര്‍ശനങ്ങളത്രയും നായകന്‍ രോഹിത് ശര്‍മ്മയിലും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിലും എത്തി. അണ്ടര്‍ 19 തലത്തിലും ഇന്ത്യ എ ടീമിനായും യുവതാരങ്ങളെ വാര്‍ത്തെടുത്ത ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താനായില്ല എന്നാണ് വിമര്‍ശനം. ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍റെ ചുമതലയിലേക്ക് മടങ്ങുകയാണ് അഭികാമ്യം എന്ന് പലരും വ്യക്തമാക്കി. ഈ അഭിപ്രായങ്ങളോട് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഗ്രയാം സ്‌മിത്ത്.
'ഇന്ത്യന്‍ ക്രിക്കറ്റിലെ ചുമതലകളിലേക്ക് എത്തുമ്പോള്‍ അവരെ കുറിച്ച് പ്രതീക്ഷകള്‍ ഉയരും. ഇന്ത്യക്ക് പ്രതിഭാധനരായ ഒട്ടേറെ താരങ്ങളുണ്ട്. ഒരേസമയം രണ്ടോ മൂന്നോ ടീമുകളുണ്ടാക്കാനുള്ള താരങ്ങളുണ്ട്. ഈ സ്‌ക്വാഡുകളെയും മത്സരക്രമങ്ങളെയും വ്യത്യസ്ഥ ഫോര്‍മാറ്റുകളേയും സന്തുലിതമാക്കുന്ന ഒരു നേതാവ് വേണം എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വെല്ലുവിളി. ഇതാണ് രാഹുല്‍ ദ്രാവിഡിന്‍റെയും സെലക്ഷന്‍ ടീമിന്‍റേയും മുന്നിനുള്ള വെല്ലുവിളി. സ്‌ക്വാഡുകള്‍ എങ്ങനെ വേണം, അവയെ എങ്ങനെ കൊണ്ടുപോകണം. രാഹുല്‍ ദ്രാവിഡ് മികച്ച താരവും കോച്ചുമാണ്. അത് തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇന്ത്യന്‍ ടീമിനെ പുനസംഘടിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡിന് ആവശ്യമായ സമയം നല്‍കണം' എന്നും ഗ്രയാം സ്‌മിത്ത് ആവശ്യപ്പെട്ടു.
ഓസീസിനെതിരായ തോല്‍വിയില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളേയും സ്‌മിത്ത് പ്രതിരോധിച്ചു. 'ക്യാപ്റ്റനാകുമ്പോള്‍ ഒരു താരത്തിനുണ്ടാകുന്ന വലിയ വെല്ലുവിളി വ്യക്തിഗത പ്രകടനം നിലനിര്‍ത്തുക എന്നതാണ്. ക്യാപ്റ്റന്‍റെ സമ്മര്‍ദം ഒരിക്കലും ഇല്ലാതാകില്ല. സ്ഥിരതയുള്ള പ്രകടമല്ല രോഹിത് ശര്‍മ്മ ഇപ്പോള്‍ കാഴ്‌ചവെക്കുന്നത്. അദേഹം കുറച്ച് ഫോമില്ലായ്‌മയിലൂടെ കടന്നുപോവുകയാണ്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെയോ അതിന്‍റെ ശൈലിയേയോ ആരും വിമര്‍ശിക്കില്ല. ബാറ്റിംഗ് പ്രകടനം മാത്രമാണ് ചര്‍ച്ചയാവുന്നത്. കുറച്ച് നല്ല സ്കോറുകള്‍ കണ്ടെത്തിയാല്‍ രോഹിത്തിന് സമ്മര്‍ദം കുറച്ച് കൊണ്ടുവരാം. ടീം പരാജയപ്പെടുമ്പോള്‍ സീനിയര്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. ഇത് വര്‍ഷങ്ങളായി ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യമാണ്. ഇന്ത്യയെ ഫൈനലിലെത്താന്‍ അവരെല്ലാം എപ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടാവും. അതിനാല്‍ ഒരു മത്സരത്തിലെ തോല്‍വിയുടെ പേരില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുനാവില്ല' എന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.
Read more; 'രോഹിത് ശര്‍മ്മയെ ടെസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല'; വിമര്‍ശകരുടെ വായടപ്പിച്ച് ഇതിഹാസം