കുറച്ച് കാലങ്ങളായി സ്ഥിരത പുലര്‍ത്താത്ത രോഹിത്തിനെ ക്യാപ്റ്റന്‍സി സമ്മര്‍ദം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന വിമര്‍ശനം ശക്തമാണ്
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയ പരാജയം നേരിട്ടതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഭാവി തന്നെ അവതാളത്തിലായിരിക്കുകയാണ്. ഫൈനലില്‍ ബാറ്റ് കൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹിറ്റ്‌മാനായില്ല. കുറച്ച് കാലങ്ങളായി സ്ഥിരത പുലര്‍ത്താത്ത രോഹിത്തിനെ ക്യാപ്റ്റന്‍സി സമ്മര്‍ദം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന വിമര്‍ശനം ശക്തമാണ്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രോഹിത്തിന് വിശ്രമം നല്‍കാനുള്ള ആലോചനകള്‍ വരെ സെലക്ടര്‍മാര്‍ക്കിടയില്‍ നടക്കുന്നു എന്ന സൂചനകള്‍ സജീവമായിരിക്കേ ഹിറ്റ്‌മാനെ കുറിച്ച് തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഗ്രയാം സ്‌മിത്ത്.
'ക്യാപ്റ്റനാകുമ്പോള്‍ ഒരു താരത്തിനുണ്ടാകുന്ന വലിയ വെല്ലുവിളി വ്യക്തിഗത പ്രകടനം കാത്തുസൂക്ഷിക്കുക എന്നതാണ്. ക്യാപ്റ്റന്‍റെ സമ്മര്‍ദം ഒരിക്കലും ഇല്ലാതാകില്ല. രോഹിത്തിന് ഒരു റിഫ്രഷ്‌മെന്‍റ് ആവശ്യമാണ്. സ്ഥിരതയുള്ള പ്രകടമല്ല രോഹിത് ശര്‍മ്മ ഇപ്പോള്‍ കാഴ്‌ചവെക്കുന്നത്. അദേഹം കുറച്ച് ഫോമില്ലായ്‌മയിലൂടെ കടന്നുപോവുകയാണ്. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെയോ അതിന്‍റെ ശൈലിയേയോ ആരും വിമര്‍ശിക്കില്ല. ബാറ്റിംഗ് പ്രകടനം മാത്രമാണ് ചര്‍ച്ചയാവുന്നത്. കുറച്ച് നല്ല സ്കോറുകള്‍ കണ്ടെത്തിയാല്‍ രോഹിത്തിന് സമ്മര്‍ദം കുറച്ച് കൊണ്ടുവരാം. ടീം പരാജയപ്പെടുമ്പോള്‍ സീനിയര്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. ഇത് വര്‍ഷങ്ങളായി ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യമാണ്. ഇന്ത്യയെ ഫൈനലിലെത്താന്‍ അവരെല്ലാം എപ്പോഴെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടാവും. അതിനാല്‍ ഒരു മത്സരത്തിലെ തോല്‍വിയുടെ പേരില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുക പ്രയാസമാണ്' എന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രോഹിത്തിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ചും ആശങ്കകള്‍ സജീവമാണ്. ഐപിഎല്‍ പതിനാറാം സീസണില്‍ 16 മത്സരങ്ങളില്‍ 20.75 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 332 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇതിന് ശേഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ 209 റണ്‍സിന്‍റെ തോല്‍വി നേരിട്ടപ്പോള്‍ 15, 43 എന്നിങ്ങനെയായിരുന്നു ഹിറ്റ്‌മാന്‍റെ സ്കോറുകള്‍. ജൂണ്‍ 27നാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്‍റി 20 ടീമുകളെ പ്രഖ്യാപിക്കുന്നത്.
Read more: പ്രതീക്ഷ നല്‍കി സഞ്ജു സാംസണിനെ വീണ്ടും തഴയും? പുതിയ സൂചനകള്‍ ആശങ്ക നല്‍കുന്നത്
