Latest Videos

കോലിയെ മറികടക്കാനാവില്ല! ശ്രമിച്ചാല്‍ സഞ്ജുവിന് ഇന്ന് റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്താം; ഗില്ലും സായും ഭീഷണി

By Web TeamFirst Published Apr 10, 2024, 3:17 PM IST
Highlights

എതിര്‍ടീം താരങ്ങളായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ പ്രകടനം കൂടി ശ്രദ്ധിക്കണമൈന്ന് മാത്രം. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

മുംബൈ: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ചാം മത്സരത്തിന് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരില്‍ മുന്നേറാന്‍ അവസരം. നിലവില്‍ നാല് മത്സരങ്ങളില്‍ 178 റണ്‍സ് നേടിയിട്ടുള്ള സഞ്ജു ആറാം സ്ഥാനത്താണ്. 59.33 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. അഞ്ച് മത്സരങ്ങില്‍ 316 റണ്‍സ് നേടിയ ആര്‍സിബി താരം വിരാട് കോലിയാണ് പട്ടിക നയിക്കുന്നത്. ഒറ്റ മത്സരം കൊണ്ട് എന്തായാലും കോലിയെ മറികടക്കാന്‍ കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ 138 റണ്‍സ് സഞ്ജു നേടേണ്ടി വരും. എന്നാല്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള അവസരം സഞ്ജുവിനുണ്ട്.

എതിര്‍ടീം താരങ്ങളായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ പ്രകടനം കൂടി ശ്രദ്ധിക്കണമൈന്ന് മാത്രം. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സ് നേടിയിട്ടുണ്ട് സായ്. ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ അഞ്ചാം സ്ഥാനത്ത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 19 റണ്‍സ് നേടിയതോടെയാണ് ഗില്‍ ആദ്യ അഞ്ചിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 183 റണ്‍സാണ് ഗില്ലിന്‍െ സമ്പാദ്യം. 14 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് രണ്ടാമതെത്താം. എന്നാല്‍ സായിയും ഗില്ലും എത്ര റണ്‍ നേടുന്നു എന്നതിന് അനുസരിച്ചിരിക്കും സഞ്ജുവിന്റ സ്ഥാനം. 

സഹതാരം റിയാന്‍ പരാഗിനും മുന്നിലെത്താനുള്ള അവസരമുണ്ട്. നാല് മത്സരങ്ങളില്‍ 185 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. 92.50 ശരാശരിയുണ്ട് പരാഗിന്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ക്ലാസന്‍ നേടിയിരുന്നത്. 186 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 62.00 ശരാശരിയിലും 193.75 സ്‌ട്രൈക്ക് റേറ്റിലുമാണ് ക്ലാസന്റെ നേട്ടം.

റാഷിദിനെതിരെ സഞ്ജുവിനുള്ളത് ചെറിയ റെക്കോര്‍ഡൊന്നുമല്ല! രാജസ്ഥാന്‍ നായകനെതിരെ റാഷിദ് കുറച്ച് വിയര്‍ക്കും
വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ഒന്നാമതാണ്. നാല് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റാണ് ബംഗ്ലാദേശുകാരന്‍ വീഴ്ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ രണ്ടാമത്. നാല് മത്സരങ്ങളില്‍ എട്ട് വിക്കറ്റുണ്ട് ചാഹലിന്. ഇന്ന് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ താരം വീണ്ടും ഒന്നാമതെത്തും. ഇത്രയും തന്നെ വിക്കറ്റുള്ള അര്‍ഷ്ദീപ് സിംഗ് മൂന്നാമത്. ഏഴ് വിക്കറ്റുകളുള്ള ഖലീല്‍ അഹമ്മദ്, കഗിസോ റബാദ, മോഹിത് ശര്‍മ, ജെറാള്‍ഡ് കോട്സീ എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍.

click me!