റാഷിദിനെതിരെ 96 പന്തുകള്‍ നേരിട്ടിട്ടുള്ള സഞ്ജു 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി. ഐപിഎല്ലില്‍ റാഷിദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജു തന്നെ.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിരിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോരിനാണ്. മറ്റാരുമല്ല, രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഗുജറാത്തിന്റെ അഫ്ഗാനി സ്പിന്നര്‍ റാഷിദ് ഖാനും തമ്മിലുള്ള പോരിന്. ഐപിഎല്ലില്‍ റാഷിദിനെതിരെ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ ഒരിക്കല്‍ മാത്രമാണ് റാഷിദിന് സഞ്ജുവിനെ പുറത്താക്കാനായിട്ടുള്ളത്. 

റാഷിദിനെതിരെ 96 പന്തുകള്‍ നേരിട്ടിട്ടുള്ള സഞ്ജു 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി. ഐപിഎല്ലില്‍ റാഷിദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജു തന്നെ. ഇത്തവണ റാഷിദാവട്ടെ മധ്യ ഓവറുകളില്‍ കഷ്ടപ്പെടുകയാണ്. 7 മുതല്‍ 15 ഓവറുകള്‍ക്കിടെ റാഷിദിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 8.04 എക്കണോമി റേറ്റിലാണിത്. മധ്യ ഓവറുകളില്‍ റാഷിദിനെ നേരിടാന്‍ സഞ്ജു തന്നെ ആയിരിക്കും ഏറ്റവും മികച്ച ഓപ്ഷന്‍.

റാഷിദിനെതിരെ മികച്ച റെക്കോര്‍ഡുള്ള മറ്റൊരു താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം റുതുരാജ് ഗെയ്കവാദാണ്. റാഷിദിനെതിരെ 96 പന്തില്‍ 108 റണ്‍സാണ് റുതുരാജ് നേടിയിട്ടുള്ളത്. സഞ്ജുവിന് മൂന്ന് റണ്‍സ് പിറകിലാണ് റുതുരാജ്. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപില്‍ പതിനേഴാം സീസണില്‍ തോല്‍വി അറിയാത്ത ഏകടീമായ രാജസ്ഥാന്‍ റോയല്‍സ്. 

സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഓപ്പണര്‍ യശസ്വീ ജയ്‌സ്വാളിന്റെ മങ്ങിയ ഫോം മാത്രമാണ് രാജസ്ഥാന്റെ ആശങ്ക. 

ജയ്‌സ്വാള്‍ പുറത്തേക്ക്? അതോ സഞ്ജു വിശ്വാസമര്‍പ്പിക്കുമോ? ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്റെ സാധ്യത ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.