
മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ജെയന്റ്‌സിന് 208 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് (30 പന്തില്‍ 65) മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് (47), അമേലിയ കെര്‍ (24 പന്തില്‍ പുറത്താവാതെ 45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഷ്‌ലി ഗാര്‍ഡ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ബേത് മൂണിയാണ് ഗുജറാത്തിനെ നയിക്കുന്നത്.
ടോസ് നേടി പന്തെടുക്കാനുള്ള മൂണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഗുജറാത്തിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ യഷ്ടിക ഭാട്ടിയ (1)യെ ഗുജറാത്തിന് നഷ്ടമായി. തനുജ കന്‍വാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഹെയ്‌ലി- നതിലി സ്‌കിവര്‍ (23) സഖ്യം മുംബൈക്ക് ആശ്വാസം നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തിചേര്‍ന്ന കൗര്‍- കെര്‍ സഖ്യമാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 89 റണ്‍സ് കൂട്ടിചേര്‍ത്തു. 30 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് 65 റണ്‍സെടുത്തത്. 24 പന്തുകള്‍ നേരിട്ട കെര്‍ ഒരു സിക്‌സും ആറ് ഫോറും പായിച്ചു. പൂജ വസ്ത്രകറാണ് (15) പുറത്തായ മറ്റൊരു താരം. ഇസി വോംഗ് (6) പുറത്താവാതെ നിന്നു.
ഗുജറാത്ത് ജെയന്റ്‌സ്: ബേത് മൂണി, സബിനേനി മേഘ്‌ന, ഹര്‍ലീന്‍ ഡിയോള്‍, അഷ്‌ലി ഗാര്‍ഡ്‌നര്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, ദയാലന്‍ ഹേമലത, ജോര്‍ജിയ വറേഹം, സ്‌നേഹ് റാണ, തനുജ കന്‍വര്‍, മോണിക്ക പട്ടേല്‍, മന്‍സി ജോഷി.
മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, നതാലി സ്‌കിവര്‍, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, പൂജ് വസ്ത്രകര്‍, ഹുമൈറ കാസി, ഇസി വോംഗ്, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.
അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ആകെ 23 മത്സരങ്ങളാണ് ഉള്ളത്. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങള്‍. താരലേല പട്ടികയില്‍ ഇടംപിടിച്ചത് 448 പേര്‍. അഞ്ചുടീമുകള്‍ ഇവരില്‍ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ.