അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ

Published : May 12, 2026, 11:11 PM IST
Gujarat Titans vs Sunrisers Hyderabad

Synopsis

ഹൈദരാബാദിനെതിരായ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിൽ(0.551) നിര്‍ണായക മുന്നേറ്റം നടത്തിയ ഗുജറാത്ത് ആര്‍സിബിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്‍റെ പടുകൂറ്റൻ ജയവുമായി പ്ലേ ഓഫ് ബര്‍ത്തിനരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദിൽ169 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിനെ പേസ് കരുത്തില്‍ 86 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഗുജറാത്ത് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും പ്ലേ ഓഫും ഏതാണ്ട് ഉറപ്പിച്ചത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞ ഹൈദരാബാദ് നിരയില്‍ 19 റണ്‍സെടുത്ത നായകന്‍ പാറ്റ് കമിന്‍സാണ് ടോപ് സ്കോററായത്. ഗുജറാത്തിനായി കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രിസദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

ഹൈദരാബാദിനെതിരായ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിൽ(0.551) നിര്‍ണായക മുന്നേറ്റം നടത്തിയ ഗുജറാത്ത് ആര്‍സിബിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. തോറ്റെങ്കിലും ഹൈദരാബാദ് മൂന്നാം സ്ഥാനത്തുതന്നെയാണ്. ഗുജറാത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. അതേസമയം, തോല്‍വിയോടെ 12 കളികളില്‍ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്തായ ഹൈരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന രണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 168-5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 14.5 ഓവറില്‍ 86ന് ഓള്‍ ഔട്ട്.

തുടക്കം മുതല്‍ അടിതെറ്റി

169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ പൂജ്യനായി മടക്കി മുഹമ്മദ് സിറാജാണ് ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവര്‍ എറിയാനെത്തിയ കാഗിസോ റബാഡയെ സിക്സ് അടിച്ച് സ്വീകിരിച്ച അഭിഷേക് ശര്‍മക്കും അധികം ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ നാലാം പന്തില്‍ അഭിഷേകിന്‍റെ അമിതാവേശം വിനയായി. റബാഡയുടെ പന്തില്‍ അഭിഷേക് ശര്‍മയുടെ(6) ദേഹത്ത് തട്ടിയ പന്ത് വിക്കറ്റിളക്കി. തുടക്കത്തിലെ ഏറ്റ ഇരട്ടപ്രഹരത്തില്‍ പകച്ച ഹൈദരാബാദിന് ഇഷാൻ കിഷന്‍ സിക്സ് അടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. മൂന്നാം ഓവറില്‍ കിഷനെ(7 പന്തില്‍ 11) ബട്‌ലറുടെ കൈകളിലെത്തിച്ച റബാഡ മൂന്നാം പ്രഹരമേല്‍പ്പിച്ചു. സ്മരണ്‍ രവിചന്ദ്രനും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് പവര്‍ ഹൈദരാബാദിനെ പവര്‍ പ്ലേ കടത്തുമെന്ന് കരുതിയെങ്കിലും ആറാം ഓവറിലെ അ‍ഞ്ചാം പന്തില്‍ സ്മരണ്‍ രവിചന്ദ്രനെ(9) കൂടി മടക്കി റബാഡ ഹൈദരാബാദിന്‍റെ തലയരിഞ്ഞു.

 

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രസിദ്ധ് കൃഷ്ണ ആദ്യ ഓവറില്‍ തന്നെ സലീല്‍ അറോറയെ(13 പന്തില്‍ 16) പുറത്താക്കിയ ഹൈദരാബാദിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജേസണ്‍ ഹോള്‍ഡറുടെ ഊഴമായിരുന്നു പിന്നീട്. അവസാന പ്രതീക്ഷയായ ഹെന്‍റിച്ച് ക്ലാസനെയും(16 പന്തില്‍ 14), നിതീഷ് കുമാര്‍ റെഡ്ഡിയെയും(2) ശിവാംഗ് കുമാറിനെയും(4) പുറത്താക്കിയ ഹോള്‍ഡര്‍ ഹൈദരാബാദിന്‍റെ നടുവൊടിച്ചു. ടോപ് സ്കോററായ ക്യാപ്റ്റൻ പാറ്റ് കമിന്‍സിനെയും(9 പന്തില്‍ 19) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഹൈദരാബാദിന്‍റെ പോരാട്ടം അവസാനിപ്പിച്ചു.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണ‍ർ സായ് സുദര്‍ശന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ
വടി കൊടുത്ത് അടി വാങ്ങി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ, ബംഗ്ലാദേശിനെ വെല്ലുവിളിച്ചു, ഒടുവില്‍ നാണംകെട്ട തോല്‍വി