അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു

Published : Oct 28, 2025, 12:58 PM IST
Half Century for Ahammed Imran

Synopsis

പഞ്ചാബിന്റെ 436 റണ്‍സ് പിന്തുടരുന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ ഇമ്രാനിലും ഷോണ്‍ റോജറിലുമാണ്.

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 107 റണ്‍സ് പിറകിലാണ് കേരളം. അഹമ്മദ് ഇമ്രാന്‍ (67), ഷോണ്‍ റോജര്‍ (18) എന്നിവരാണ് ക്രീസില്‍. സല്‍മാന്‍ നിസാറിന് പരിക്കേറ്റപ്പോഴാണ് ഷോണിനെ പകരക്കാരനായി കേരളം ഇറക്കിയത്. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത്, രമണ്‍ദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വീഴ്ത്തി.

ആറിന് 247 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. ബാബാ അപാരാജിതിന്റെ (51) വിക്കറ്റ് മാത്രമാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ആയുഷ് ഗോയലിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് അപരാജിത് മടങ്ങുന്നത്. ഇമ്രാനൊപ്പം 68 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അപരാജിതിന് സാധിച്ചിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് ഷോണ്‍ ക്രീസിലേക്ക്. ഇമ്രാനൊപ്പം ഇതുവരെ 56 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഷോണിന് കഴിഞ്ഞു. ഇരുവരിലുമാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ. അക്ഷയ് ചന്ദ്രന്‍ ഇറങ്ങാനുണ്ടെന്നുമുള്ളതുമാണ് ആശ്വാസം.

ഇമ്രാന് പുറമെ നേരത്തെ, അങ്കിത് ശര്‍മയും 62 റണ്‍സെടുത്തിരുന്നു. രോഹന്‍ കുന്നമ്മല്‍ (43), സച്ചിന്‍ ബേബി (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന എന്‍ പി ബേസിലിന്റെ (4) വിക്കറ്റ് രണ്ടാം ദിനം തന്നെ നഷ്ടമായിരുന്നു. കൃഷ് ഭഗതിനായിരുന്നു വിക്കറ്റ്. മൂന്നാം ദിനം വത്സലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നമന്‍ ധിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു വത്സല്‍.

106 പന്തുകള്‍ നേരിട്ട വത്സലിന് തന്റെ വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് മാത്രാണ് കൂട്ടിചേര്‍ക്കാന്‍ സാധിച്ചത്. അധികം വൈകാതെ അങ്കിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ, രമണ്‍ദീപ് സിംഗിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. രോഹനൊപ്പം 69 റണ്‍സ് ചേര്‍ക്കാന്‍ അങ്കിതിന് സാധിച്ചിരുന്നു. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ 150 കടത്തിയെങ്കിലും നിലയുറപ്പിച്ച രോഹനെ മായങ്ക് മാര്‍ക്കണ്ഡെ വീഴ്ത്തി. പിന്നാലെ സച്ചിന്‍ ബേബി നമാന്‍ ധിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മുഹമ്മദ് അസറുദ്ദീന്‍ കൂടി വീണതോടെ 199-6 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ബാബാ അപരാജിത്-അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് 250 കടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ