
കേപ് ടൗണ്‍: ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശ്വാസം. ബൗണ്‍സര്‍ കൊണ്ട് തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാനയ്‌ക്ക് (Smriti Mandhana) ലോകകപ്പില്‍ (ICC Women's World Cup 2022) കളിക്കാനാകും. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ സന്നാഹ മത്സരത്തിനിടെയാണ് സ്‌മൃതിക്ക് പരിക്കേറ്റത്. പ്രോട്ടീസ് പേസര്‍ ഷബ്‌നിം ഇസ്‌മായിലിന്‍റെ (Shabnim Ismail) പന്തില്‍ പരിക്കേറ്റ മന്ഥാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ബൗണ്‍സര്‍ സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്മൃതി ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ കയറിയത്. താരത്തിന് മറ്റ് പ്രശ്‌നങ്ങളിലെന്നും മുന്‍കരുതലെന്ന നിലയിലാണ് റിട്ടയര്‍ ചെയ്തതെന്നും ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറി (114 പന്തില്‍ 103 ) നേടി ടോപ്പ് സ്‌കോററായി. 58 റണ്‍സെടുത്ത യസ്തിക ഭാട്ടിയയും തിളങ്ങി. അക്കൗണ്ട് തുറക്കും മുമ്പേ ക്യാപ്റ്റന്‍ മിഥാലി രാജ് റണ്ണൗട്ടായി.
മറുപടി ബാറ്റിംഗില്‍ ശക്തമായി തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ സുന്‍ ലൂസ് 94 റണ്‍സെടുത്ത് പൊരുതി. ലോറ വോള്‍വാര്‍ട്ട് 75 റണ്‍സെടുത്ത് പിന്തുണ നല്‍കി. പരിക്കിനെ തുടര്‍ന്ന് സ്‌മൃതി മന്ഥാന ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.
Smriti Mandhana injured : ബൗണ്‍സര്‍ ഹെല്‍മറ്റിലിടിച്ചു, സ്മൃതി മന്ദാനക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!