
മുംബൈ: പരിചയസമ്പത്ത് കൂടുതലുള്ള താരങ്ങളെ തഴഞ്ഞായിരുന്നു എം എസ് ധോണിയെ 2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. ആ സമയത്ത് മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് പലപ്പോഴായി വാര്‍ത്തകളും വന്നിരുന്നു. യുവരാജ് സിംഗ്, വീരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ താരങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നെന്നാണ് സംസാരം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത് വന്നു.
ധോണിക്ക് കീഴില്‍ കളിക്കുന്നതില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ഹര്‍ഭജന്റെ വാക്കുകള്‍... ''ധോണി വളരെ ചെറുപ്പമാണെങ്കിലും അദ്ദേഹം ക്യാപ്റ്റനായതില്‍ ഞങ്ങള്‍ക്ക് ഒരിക്കലും ഒരു പ്രശ്‌നവും തോന്നിയിരുന്നില്ല. ക്യാപ്റ്റന്‍ മാത്രമല്ല പ്രധാനം, ധോണി ഒരു നല്ല ക്യാപ്റ്റനായി അറിയപ്പെടണമെങ്കില്‍ 11 കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ധോണിയുടെ വിജയത്തിന് പിന്നില്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണുണ്ടായിരുന്നത്.'' ഹര്‍ഭജന്‍ പറഞ്ഞു.
സൗരവ് ഗാംഗുലിയാണ് തങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും, ധോണി ക്യാപ്റ്റനാകുമ്പോള്‍ തങ്ങളെയെല്ലാം ഏഴെട്ടു വര്‍ഷത്തോളം ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ ഒരു ടീമിനെയാണ് ലഭിച്ചതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു.
പ്രഖ്യാപനം മുതല്‍ വലിയ നേട്ടങ്ങളിലേക്കാണ് ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചത്. 2007-ലെ പ്രഥമ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. കളിക്കാര്‍ക്ക് മേല്‍ തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ധോണി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ ഓര്‍മിച്ചു.
മുതിര്‍ന്ന താരങ്ങള്‍ വര്‍ഷങ്ങളായി കളിച്ചുവരുന്നവരാണെന്നും വിവിധ സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് അവര്‍ക്കറിയാമെന്നും ധോണിക്ക് ബോധമുണ്ടായിരുന്നു. ഓരോ കളിക്കാരനില്‍ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതില്‍ മാത്രമാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!