
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന മത്സരങ്ങളില്‍ തുടരാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റ് തന്നെയാണ് കോലി തെരഞ്ഞെടുത്തതെന്ന് മഞ്ജരേക്കര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മഞ്ജരേക്കര്‍ പറഞ്ഞതിങ്ങിനെ... ''വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് മാറി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ അദ്ദേഹം ഏകദിന ക്രിക്കറ്റ് കളിക്കാന്‍ തിരഞ്ഞെടുത്തത് എന്നെ കൂടുതല്‍ നിരാശപ്പെടുത്തുന്നു. കാരണം ഇത് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങളെ ശരിക്കും പരീക്ഷിക്കുന്ന ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റാണ്. ടി20 ക്രിക്കറ്റിന് അതിന്റേതായ വെല്ലുവിളികളുണ്ട്.'' മഞ്ജരേക്കര്‍ പറഞ്ഞു.
എന്നാല്‍ ഹര്‍ഭജന്‍ അദ്ദേഹത്തിന് മറുപടിയുമായെത്തി. ഫോര്‍മാറ്റ് തിരഞ്ഞെടുപ്പുകളേക്കാള്‍ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മുന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി. ''ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, എല്ലാവരും അത് നേടിയേനെ. താരങ്ങള്‍ ചെയ്യുന്നത് നമുക്ക് ആസ്വദിക്കാം. അവര്‍ നന്നായി കളിക്കുന്നു, മത്സരങ്ങള്‍ ജയിക്കുന്നു, റണ്‍സ് നേടുന്നു, വിക്കറ്റുകള്‍ വീഴ്ത്തുന്നു. അത്രയേ പ്രധാനമുള്ളൂ. ആര് ഏത് ഫോര്‍മാറ്റില്‍ കളിക്കുന്നു എന്നത് പ്രശ്‌നമല്ല. വിരാട്, ഒരു ഫോര്‍മാറ്റില്‍ കളിച്ചാലും എല്ലാ ഫോര്‍മാറ്റിലും കളിച്ചാലും, ഇന്ത്യയുടെ മികച്ച കളിക്കാരനും മാച്ച് വിന്നറുമാണ്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിനുശേഷം, ഏകദിനങ്ങളില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2027 ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹം കോലി പ്രകടിപ്പിച്ചിരുന്നു. കോലിയുടെ ടെസ്റ്റ് യോഗ്യതകള്‍ നിലനില്‍ക്കണമെന്ന് ഹര്‍ഭജന്‍ തറപ്പിച്ചു പറഞ്ഞു. ''വിരാട് അവിശ്വസനീയമായ ഒരു കളിക്കാരനാണ്. ഇന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാല്‍, അദ്ദേഹം നമ്മുടെ പ്രധാന കളിക്കാരനായിരിക്കും.'' ഹര്‍ഭജന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!