
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ നല്‍കിയ വെടിക്കെട്ട് തുടക്കം ഹാര്‍ദിക് പാണ്ഡ്യയും (25 പന്തില്‍ 63), തിലക് വര്‍മയും (42 പന്തില്‍ 73) ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടി. അഭിഷേക് 21 പന്തില്‍ 34 റണ്‍സും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് നേടി.
മോഹിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ടീമിലെത്തിയ സഞ്ജു അവസരം മുതലാക്കുന്ന കാഴ്ച്ചയാണ് അഹമ്മദാബാദില്‍ കണ്ടത്. സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് നേടി. എന്നാല്‍ ആറാം ഓവറില്‍ അഭിഷേക് മടങ്ങി. ബോഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെ സഞ്ജു, തിലകിനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ സഞ്ജുവും വീണു. ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ രണ്ട് സിക്‌സും നാല് ഫോറും സഞ്ജു നേടിയിരുന്നു.
നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് റണ്‍സുമായി മടങ്ങി. ബോഷിന്റെ പന്തില്‍ മിഡ് ഓഫില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച്. തുടര്‍ന്നായിരുന്നു യഥാര്‍ത്ഥ വെടിക്കെട്ട്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ച് ഹാര്‍ദിക് തുടങ്ങി. 16 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടെ, തിലകും അര്‍ധ സെഞ്ചുറി നേടിയിരുന്നു. അവസാന ഓവറിലെ മൂുന്നാം പന്തിലാണ് ഹാര്‍ദിക് മടങ്ങുന്നത്. ബാര്‍ട്ട്മാനായിരുന്നു വിക്കറ്റ്. 25 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് വീതം ഫോറും നേടിയിരുന്നു. അവസാന മൂന്ന് പന്തുകളില്‍ 10 റണ്‍സ് നേടി ശിവം ദുബെ, ജിതേഷ് ശര്‍മയ്‌ക്കൊപ്പം (0) പുറത്താവാതെ നിന്നു. റണ്ണൗട്ടായ തിലകിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും 10 ഫോറുമുണ്ടായിരുന്നു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും കളിക്കും. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ആന്റിച്ച് നോര്‍ജെയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് പകരം ഡേവിഡ് മില്ലറും ടീമിലെത്തി.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് േ്രബവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!