ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനിടെ സഞ്ജു സാംസണിന്റെ ശക്തമായ ഷോട്ട് അംപയർ രോഹൻ പണ്ഡിറ്റിന്റെ കാലിൽ കൊണ്ട് പരിക്കേറ്റു.
അഹമ്മദാബാദ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയര്‍ രോഹന്‍ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഷോട്ടിലാണ് അംപയര്‍ക്ക് പരിക്കേല്‍ക്കുന്നത്. സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറുടെ വലത് മുട്ടുകാലില്‍ തട്ടുകയായിരുന്നു. മത്സരത്തില്‍ സഞ്ജു 22 പന്തില്‍ 37 റണ്‍സുമായി പുറത്തായിരുന്നു. ഇതിനിടെയുള്ള ഒരു ഷോട്ടാണ് അംപയറുടെ കാലില്‍ പതിക്കുന്നത്.
ഡോണോവന്‍ ഫെരേര എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സഞ്ജുവിന്റെ കൈകരുത്തിന്റെ ചൂടറിഞ്ഞ ഷോട്ടില്‍ ഫെരേരയ്ക്ക് റിയാക്റ്റ് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ കൈകളിലൂടെ ഊര്‍ന്നിറങ്ങിയ പന്ത് അംപയറുടെ കാലില്‍ പതിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ അംപയര്‍ക്ക് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പോലും സാധിച്ചില്ല. ഗ്രൗണ്ടില്‍ കിടന്ന അദ്ദേഹത്തിന് മെഡിക്കല്‍ സഹായം വേണ്ടിവന്നു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. സഞ്ജുവും അംപയര്‍ക്ക് കൂടെ നില്‍ക്കുന്നത് കാണാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം, അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ തന്നെ സഞ്ജു നാഴികക്കല്ല് പിന്നിട്ടു. 44 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറായെത്തിയ സഞ്ജു, അവസരം മുതലാക്കുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം 63 റണ്‍സ് ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. പിന്നീട് പത്താം ഓവറില്‍ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് സഞ്ജു മടങ്ങുന്നത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

