'അവന്‍ വലിയ പ്രതീക്ഷ'; തോല്‍വിക്കിടയിലും ഒരു താരത്തിന് പ്രശംസയുമായി ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Jan 28, 2023, 8:20 AM IST
Highlights

മത്സരത്തില്‍ 28 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ റാഞ്ചി ട്വന്‍റി 20യിൽ ടീം ഇന്ത്യ 21 റൺസിന്‍റെ തോൽവി നേരിട്ടെങ്കിലും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പ്രശംസയുമായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. 'റാഞ്ചിയിലെ വിക്കറ്റ് ഇത്തരത്തില്‍ പ്രതികരിക്കും എന്ന് കരുതിയില്ല. ഇവിടെ ന്യൂസിലന്‍ഡ് മികച്ച കളി പുറത്തെടുത്തു. ബൗളിംഗില്‍ നമ്മള്‍ മോശമായിരുന്നു. യുവ ടീമായതിനാല്‍ ഇത്തരം വീഴ്‌ചകളില്‍ നിന്ന് പാഠം പഠിക്കാനാകും. ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് മികവ് കൊണ്ട് വാഷിംഗ്‌‌ടണ്‍ സുന്ദറിന്‍റെ ദിനമാണിത്. ബാറ്റും ബോളും ചെയ്യുന്ന ഒരു താരത്തെ ആവശ്യമായിരുന്നു. വാഷിംഗ്‌ടണിന്‍റെ പ്രകടനം മുന്നോട്ടുള്ള മത്സരങ്ങളില്‍ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്' എന്നും പാണ്ഡ്യ മത്സരത്തിന് ശേഷം പറഞ്ഞു. 

മത്സരത്തില്‍ 28 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ആറാമനായാണ് താരം ക്രീസിലെത്തിയത്. ചാപ്‌മാനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമായും സുന്ദര്‍ തിളങ്ങി. ഫിന്‍ അലന്‍റെ ക്യാച്ചും വാഷിംഗ്‌ടണ്‍ സുന്ദറിനായിരുന്നു. 

മത്സരത്തില്‍ 177 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇഷാന്‍ കിഷന്‍ നാലിനും ശുഭ്‌മാന്‍ ഗില്‍ ഏഴിനും രാഹുല്‍ ത്രിപാഠി പൂജ്യത്തിനും പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 47 റണ്‍സുമായി പൊരുതി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറിന്‍റെ പോരാട്ടമാണ് തോൽവിയുടെ ഭാരം കുറച്ചത്. വാഷിംഗ്ടൺ സുന്ദർ 28 പന്തിൽ 50 റൺസെടുത്തു. റാഞ്ചിയിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ കിവീസ് 1-0ന് മുന്നിലെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ദേവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. കോണ്‍വേ 35 പന്തില്‍ 52 ഉം മിച്ചല്‍ 30 പന്തില്‍ 59 ഉം റണ്‍സെടുത്തു. ഫിന്‍ അലന്‍ 35ല്‍ മടങ്ങി. 17 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരാള്‍. ഇന്ത്യന്‍ പേസര്‍മാര്‍ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 33 റണ്‍സും അര്‍ഷ്‌ദീപ് സിംഗ് നാല് ഓവറില്‍ 51 ഉം ഉമ്രാന്‍ മാലിക് ഒരോവറില്‍ 16 ഉം ശിവം മാവി രണ്ട് ഓവറില്‍ 19 ഉം റണ്‍സ് വിട്ടുകൊടുത്തു. 22ന് രണ്ട് പേരെ മടക്കിയ വാഷിംഗ്‌ടണും 20ന് ഒരാളെ പുറത്താക്കിയ കുല്‍ദീപ് യാദവും മാത്രമാണ് റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. 

വാഷിംഗ്ടണ്‍ സുന്ദറിന്റെ പോരാട്ടം പാഴായി; കിവീസ് ബൗളര്‍മാര്‍ പണിതന്നു! ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

click me!