സീസണ്‍ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്; എല്ലാ മേഖലകളിലും ചെന്നൈ കേമന്മാരെന്ന് ഹാര്‍ദിക് പാണ്ഡ്യ

Published : May 03, 2026, 10:02 AM IST
MI Captain Hardik Pandya

Synopsis

ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ചെന്നൈ തങ്ങളെക്കാള്‍ മികച്ചവരായിരുന്നുവെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സമ്മതിച്ചു. 

ചെന്നൈ: ഐപിഎല്‍ സീസണിലെ ദയനീയ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് രണ്ടാം തവണയും തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ തകര്‍ത്തത്. ഈ തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ച മട്ടാണ്. സീസണിലെ ഒന്‍പത് മത്സരങ്ങളില്‍ മുംബൈയുടെ ഏഴാം തോല്‍വിയാണിത്. മത്സരശേഷം സംസാരിച്ച മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഇത് തങ്ങള്‍ക്ക് മറക്കേണ്ട ഒരു സീസണാണെന്ന് തുറന്നുസമ്മതിച്ചു.

ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''ഇതൊരു ദിവസത്തെ മാത്രം പ്രശ്‌നമല്ല, ഈ സീസണ്‍ തന്നെ ഞങ്ങള്‍ക്ക് അനുകൂലമല്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ചെന്നൈ തങ്ങളേക്കാള്‍ മികച്ചുനിന്നു. ആദ്യ 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ മുംബൈ 180-190 റണ്‍സ് നേടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിനുശേഷം ആ വേഗത നിലനിര്‍ത്താന്‍ ടീമിന് സാധിച്ചില്ല. ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാഞ്ഞതും തിരിച്ചടിയായി. പിച്ചിന്റെ പ്രത്യേകത അനുസരിച്ച് തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കുന്നത് എളുപ്പമായിരുന്നില്ല.'' ഹാര്‍ദിക് ചൂണ്ടിക്കാട്ടി.

ചെന്നൈ ബാറ്റര്‍മാര്‍ വളരെ പക്വതയോടെയാണ് കളിച്ചതെന്ന് ഹാര്‍ദിക് പറഞ്ഞു... ''മോശം പന്തുകളെ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിച്ചും, അനാവശ്യ റിസ്‌ക്കുകള്‍ ഒഴിവാക്കിയും അവര്‍ കളിച്ച രീതിയെ അദ്ദേഹം പ്രശംസിച്ചു. ചെന്നൈ താരങ്ങള്‍ ബുദ്ധിപരമായി ക്രിക്കറ്റ് കളിച്ചപ്പോള്‍ മുംബൈ ബൗളര്‍മാര്‍ക്ക് അവരെ പുറത്താക്കാന്‍ ആവശ്യമായ പന്തുകള്‍ എറിയാന്‍ സാധിച്ചില്ല.'' അദ്ദേഹം സമ്മതിച്ചു. ചെന്നൈയുടെ ചിട്ടയായ പ്രകടനത്തിന് മുന്നില്‍ മുംബൈയ്ക്ക് തന്ത്രങ്ങള്‍ മെനയുന്നതിലും അത് നടപ്പിലാക്കുന്നതിലും പിഴവ് പറ്റിയെന്നാണ് ഹാര്‍ദിക് കൂട്ടിചേര്‍ത്തു.

160 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (48 പന്തില്‍ പുറത്താകാതെ 67) തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. യുവതാരം കാര്‍ത്തിക് (40 പന്തില്‍ പുറത്താകാതെ 50) തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധസെഞ്ചുറി നേടി തിളങ്ങി. 20 വയസ്സും 6 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധസെഞ്ചുറി നേടിയ കാര്‍ത്തിക്, ചെന്നൈ നിരയില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. മൂന്നാം വിക്കറ്റില്‍ ഗെയ്ക്വാദും കാര്‍ത്തികും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 98 റണ്‍സിന്റെ കൂട്ടുകെട്ട് ചെന്നൈയുടെ വിജയം അനായാസമാക്കി. 11 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ ലക്ഷ്യം കണ്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊല്‍ക്കത്ത ഹൈദരാബാദിനെതിരെ, ഗുജറാത്തിന് പഞ്ചാബ് കിംഗ്‌സിന്റെ വെല്ലുവിളി; ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി