പാണ്ഡ്യക്ക് ജോലിഭാരമോ, ആരാണത് തീരുമാനിക്കുന്നത് ?; കോലിയെ തള്ളി സെവാഗ്

By Web TeamFirst Published Mar 27, 2021, 8:39 PM IST
Highlights

ഇന്ത്യന്‍ താരങ്ങള്‍ ഇനി കളിക്കാന്‍ പോകുന്നത് ഐപിഎല്ലില്‍ ആണെന്നും അപ്പോള്‍ ഏകദിന പരമ്പര നഷ്ടമായാലും കുഴപ്പമില്ലെന്നാണ് കോലി പറയുന്നതെന്നും സെവാഗ്

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും അടികൊണ്ട് വലഞ്ഞിട്ടും ഹര്‍ദ്ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് ജോലിഭാരം കുറക്കാനാണെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാദം തള്ളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

ക്രുണാല്‍ പാണ്ഡ്യയും കുല്‍ദീപും ചേര്‍ന്നെറിഞ്ഞ 16 ഓവറില്‍ 150ലേറെ റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. എന്നിട്ടും ടി20യില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പാണ്ഡ്യക്ക് ഒരോവര്‍ പോലും നല്‍കാന്‍ കോലി തയാറായിരുന്നില്ല. ഇതിനെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോള്‍ വരാനിരിക്കുന്ന പരമ്പരകള്‍ കണക്കിലെടുത്ത് പാണ്ഡ്യയുടെ ജോലിഭാരം കുറക്കാനാണെന്നായിരുന്നു കോലിയുടെ വിശദീകരണം.

ഇന്ത്യന്‍ താരങ്ങള്‍ ഇനി കളിക്കാന്‍ പോകുന്നത് ഐപിഎല്ലില്‍ ആണെന്നും അപ്പോള്‍ ഏകദിന പരമ്പര നഷ്ടമായാലും കുഴപ്പമില്ലെന്നാണ് കോലി പറയുന്നതെന്നും സെവാഗ് ചോദിച്ചു. ഹര്‍ദ്ദിക്കിനെക്കൊണ്ട് നാലോ അഞ്ചോ ഓവര്‍ എറിയിച്ചാല്‍ അത് ജോലി ഭാരം കൂട്ടുമെന്ന കോലിയുടെ വാദം ശരിയല്ല. 50 ഓവര്‍ ഫീല്‍ഡ് ചെയ്യുന്നതും നാലോ അഞ്ചോ ഓവര്‍ എറിയുന്നതും തമ്മില്‍ ജോലിഭാരത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല.

ആരാണ് ഹര്‍ദ്ദിക്കിന്‍റെ ജോലിഭാരം കൂടുതലാണെന്ന് കണക്കാക്കുന്നത് എന്ന് എനിക്കറിയില്ല. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം പാണ്ഡ്യ അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ മുഴുവനായും അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. ആകെ അഞ്ച് ടി20 മത്സരങ്ങളിലാണ് കളിച്ചത്. ടി20യില്‍ ബൗള്‍ ചെയ്യുകയും ചെയ്തു. ഒരുപക്ഷേ ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കാതിരിക്കാന്‍ ബൗളിംഗില്‍ നിന്ന് വിശ്രമം വേണമെന്ന് പാണ്ഡ്യ ആവശ്യപ്പെട്ടതായിരിക്കും കാരണമെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

ഇതാദ്യമായല്ല കോലിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സെവാഗ് രംഗത്തെത്തുന്നത്. ടി20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ രോഹിത് ശര്‍മയെ പുറത്തിരുത്താനുള്ള കോലിയുടെ തീരുമാനത്തിനെതിരെയും സെവാഗ് തുറന്നടിച്ചിരുന്നു.

click me!