
മുംബൈ: കടുത്ത വിമര്‍ശനങ്ങളും മാനസിക സമ്മര്‍ദ്ദവും നേരിടുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നു. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലും പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയിലുമാണ് ഹാര്‍ദിക് എന്നും, സീസണിന്റെ പകുതിയില്‍ വെച്ച് തന്നെ താരം തന്റെ തീരുമാനം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന ഐപിഎല്‍ വൃത്തങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി 2024-ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഹാര്‍ദിക്, ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്ലേ-ഓഫ് സാധ്യതകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീം വിടുന്ന കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.
പ്ലേ-ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതോടെ പരസ്പര ധാരണയോടെ പിരിയാന്‍ ഹാര്‍ദിക്കും മുംബൈ ഇന്ത്യന്‍സും തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഐപിഎല്‍ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞതിങ്ങനെ... '''ഹാര്‍ദിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു, കൂടാതെ പൂര്‍ണമായും ക്ഷീണിതനുമായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് വീണ്ടും പുറംവേദന അനുഭവപ്പെടുകയും ചെയ്തു. പ്ലേ-ഓഫ് പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചതോടെ, താന്‍ ഇനി ടീമില്‍ തുടരില്ലെന്ന് ഹാര്‍ദിക് മുംബൈയുടെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നതരെ അറിയിക്കുകയായിരുന്നു.'' അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം തുടര്‍ന്നു... ''ഹാര്‍ദിക്കിന് ഇപ്പോള്‍ 32 വയസ്സ് മാത്രമാണ് പ്രായം എന്നത് നമ്മള്‍ മനസ്സിലാക്കണം. 2024ല്‍ മുപ്പതാം വയസ്സിലാണ് അവന്‍ മുംബൈയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യ വര്‍ഷം ആരാധകര്‍ അവനെ പരസ്യമായി കൂവിവിളിച്ചു, ഈ സീസണിലും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. ഒരു യുവാവിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അവന് ഒട്ടും എളുപ്പമായിരുന്നില്ല. 2021-ല്‍ അവന്‍ വിട്ടുപോയ മുംബൈ ഡ്രസ്സിംഗ് റൂമല്ലായിരുന്നു 2024-ല്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത്. സീനിയര്‍ കളിക്കാരെല്ലാം ഒരേ മനസ്സോടെയല്ല ടീമില്‍ പ്രവര്‍ത്തിച്ചിരുന്നത്.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!