
ദില്ലി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത്. അഞ്ച് താരങ്ങളുടെ പട്ടികയിലാണ് ഹര്‍മന്‍ ഇടംപിടിച്ചത്. ട്വന്‍റി 20യിലെ പ്രകടനത്തിന് പുരുഷ താരം സൂര്യകുമാർ യാദവിനും വിസ്‌ഡന്‍റെ അംഗീകാരമുണ്ട്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മികവിനാണ് ഹർമൻപ്രീത് കൗറിന് വിസ്ഡന്‍റെ ക്രിക്കറ്റർ ഓഫ് ദി ഇയർ അംഗീകാരം. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയത്തിലേക്കും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനമാണ് ഹര്‍മന് വിസ്ഡന്‍റെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാത്യു പോട്സ്, ബെൻ ഫോക്‌സ്, ഡാരില്‍ മിച്ചൽ, ടോം ബ്ലൻഡൽ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹർമൻപ്രീതാണ്. സൂര്യകുമാർ യാദവിനെ ലീഡിംഗ് പുരുഷ ട്വന്‍റി 20 ക്രിക്കറ്ററായാണ് തെരഞ്ഞെടുത്തത്. രണ്ട് സെഞ്ചുറിയടക്കം ഒറ്റ വർഷം ആയിരത്തിലേറെ റൺസ് നേടിയ പ്രകടനത്തിനാണ് സ്‌കൈക്ക് അംഗീകാരം.
ലീഡിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനാണ്. മൂന്നാം തവണയാണ് സ്റ്റോക്സ് വിസ്ഡന്‍റെ പുരസ്കാരം നേടുന്നത്. ഓസ്ട്രേലിയൻ ബാറ്റർ ബേത്ത് മൂണിയാണ് മികച്ച വനിതാ ക്രിക്കറ്റർ. കപിൽ ദേവ്, വിരേന്ദർ സെവാഗ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി എന്നിവരാണ് വിസ‌്‌ഡന്‍റെ ലീഡിംഗ് ക്രിക്കറ്റർ പുരസ്‌കാരം നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. 1889 മുതൽ ക്രിക്കറ്റിന്‍റെ ബൈബിൾ എന്നറിയപ്പെടുന്നത് വിസ്ഡനാണ്.
ഹര്‍മന്‍പ്രീതിന്‍റെ പുരസ്‌കാര നേട്ടം അപ്രീക്ഷിതമല്ല എന്നാണ് ഇന്ത്യന്‍ ഇതിഹാസ പേസര്‍ ജൂലന്‍ ഗോസ്വാമിയുടെ പ്രതികരണം. ഹര്‍മന്‍ പുരസ്‌കാരം അര്‍ഹിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം ആര്‍ പി സിംഗും വ്യക്തമാക്കി.
Read more: മുംബൈ ഇന്ത്യന്‍സിന്‍റെ തിലകക്കുറിയായി തിലക് വര്‍മ്മ; പിന്നിലെ കരുത്ത് സച്ചിനും രോഹിത്തും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!