ഇഫ്തിഖര്‍- ഫഹീം സഖ്യം പാക്കിസ്താന് പ്രതീക്ഷ നല്‍കി; ആവേശം അവസാന പന്ത് വരെ; കിവീസിന് വിജയം സമ്മാനിച്ച് നീഷം

Published : Apr 18, 2023, 12:17 PM ISTUpdated : Apr 18, 2023, 12:18 PM IST
ഇഫ്തിഖര്‍- ഫഹീം സഖ്യം പാക്കിസ്താന് പ്രതീക്ഷ നല്‍കി; ആവേശം അവസാന പന്ത് വരെ; കിവീസിന് വിജയം സമ്മാനിച്ച് നീഷം

Synopsis

164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാക്കിസ്താനെ മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് നീഷമാണ് തകര്‍ത്തത്. രചിന്‍ രവീന്ദ്ര, ആഡം മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ലാഹോര്‍: പാക്കിസ്താനെതിരായ മൂന്നാ ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. 49 പന്തില്‍ 64 റണ്‍സെടുത്ത ടോം ലാഥമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 159ന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ന്യൂസിലന്‍ഡിനായി. നാലാം ടി20 20ന് റാവല്‍പിണ്ടിയില്‍ നടക്കും. 

164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാക്കിസ്താനെ മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് നീഷമാണ് തകര്‍ത്തത്. രചിന്‍ രവീന്ദ്ര, ആഡം മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ ഏഴിന് 88 എന്ന നിലയിലായിരുന്ന പാക്കിസ്താന് വിജയപ്രതീക്ഷ നല്‍കിയത് ഇഫ്തികര്‍ അഹമ്മദിന്റെ (24 പന്തില്‍ 60) ഇന്നിംഗ്‌സാണ്. ഫഹീം അഷ്‌റഫ് (14 പന്തില്‍ 27) നിര്‍ണായക പിന്തുണ നല്‍കി.  മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ പോലും സാധിച്ചില്ല. 

മുഹമ്മദ് റിസ്‌വാന്‍ (6), ബാബര്‍ അസം (1) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ മടങ്ങി. ഫഖര്‍ സമാന്‍ (17), സെയിം അയൂബ് (10), ഷദാബ് ഖാന്‍ (16), ഇമാദ് വസിം (3), ഷഹീന്‍ അഫ്രീദി (6) എന്നിവര്‍ നിരാശപ്പെടുത്തി. അവിടെ നിന്നാണ് ഇഫ്തിഖര്‍ പാക്കിസ്താന് പ്രതീക്ഷ നല്‍കിയത്. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഫ്തിഖറിന്റെ ഇന്നിംഗ്‌സ്. ഫഹീമിനൊപ്പം 51 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇഫ്തിഖറിനായി. 19-ാം ഓവറില്‍ ഫഹീം മടങ്ങി. 

അവസാന ഓവറില്‍ 15 റണ്‍സാണ് പാക്കിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് നീഷം. ആദ്യ പന്ത് ഇഫ്തിഖര്‍ സിക്‌സ് പറത്തി. രണ്ടാം പന്തില്‍ റണ്‍സെടുക്കാനായില്ല. മൂന്നാം പന്ത് ഫോര്‍. മൂന്ന് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍. എന്നാല്‍ നാലാം പന്തില്‍ ഇഫ്തിഖറിന്റെ വിക്കറ്റെടുക്കാന്‍ നീഷമിനായി. ഇഫ്തിഖര്‍ സിക്‌സിന് ശ്രമിച്ചെങ്കിലും ലോംഗ് ഓണില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. അഞ്ചാം പന്തില്‍ ഹാരിസ് റൗഫിന് (0) റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ റൗഫിനേയും പുറത്താക്കി നീഷം ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചു.

നേരത്തെ, ടോം ലാഥമിന് പുറമെ ഡാരില്‍ മിച്ചലാണ് (33)) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ന്യൂസിലന്‍ഡ് താരം. ചാഡ് ബൗസ് (7), വില്‍ യംഗ് (17), നീഷം (10) എന്നിവരുടെ വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. മാര്‍ക് ചാപ്മാന്‍ (16), രവീന്ദ്ര (8) പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ പാക്കിസ്താന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മെസി മാത്രമല്ല, നെയ്മറേയും തിരിച്ചെത്തിക്കാന്‍ ബാഴ്‌സ! മെസി-ലെവ-നെയ്മര്‍ കൂട്ടുകെട്ട് സ്വപ്‌നം കണ്ട് ആരാധകര്‍

PREV
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ