
കറാച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും പാകിസ്ഥാൻ സൂപ്പർ ലീഗിനെ രൂക്ഷമായി വിമർശിച്ചും പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗും തമ്മിലുള്ള വളർച്ചയെ താരതമ്യം ചെയ്തുകൊണ്ടാണ് അക്രം പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചത്.
തുടർച്ചയായ രണ്ട് ഐപിഎൽ സീസണുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവ്, ഏറ്റവും കുറഞ്ഞ പ്രായത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഐപിഎൽ യുവതാരങ്ങൾക്ക് നൽകുന്ന അവസരങ്ങളും വളർച്ചയും പിഎസ്എല്ലിന് നൽകാൻ സാധിക്കുന്നില്ലെ യൂട്യൂബർ ഫുർഖാൻ ഭട്ടിയുമായുള്ള അഭിമുഖത്തിൽ അക്രം പറഞ്ഞു.
പിഎസ്എൽ ആരംഭിച്ചിട്ട് 10 വർഷത്തോളമായി. ഈ കാലയളവിൽ പിഎസ്എല്ലിലൂടെ ശ്രദ്ധേയനായ ഒരു ബാറ്ററെയെങ്കിലും നമുക്ക് കണ്ടെത്താൻ സാധിച്ചോ? കുറച്ച് ബൗളർമാരെ ലഭിച്ചു എന്നത് സത്യമാണ്. എന്നാൽ എടുത്തുപറയത്തക്ക ഒരു ബാറ്റിംഗ് പ്രതിഭയെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഇന്ത്യയിൽ 15-കാരനായ വൈഭവ് സൂര്യവംശിയെപ്പോലൊരു ബാറ്റിംഗ് പ്രതിഭയെ വളർത്തിയെടുക്കുമ്പോൾ മാത്രമാണ് നമ്മുടെ സിസ്റ്റത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അക്രം പറഞ്ഞു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബൗളിംഗ് പരിശീലകനായും, പിഎസ്എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മൾട്ടാൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് എന്നിവരുടെ മെന്‍ററായും അക്രം പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ താഴെത്തട്ടിലുള്ള ക്ലബ്ബ് ക്രിക്കറ്റ് ശക്തമാക്കാതെ യുവ പ്രതിഭകളെ കണ്ടെത്താനാകില്ലെന്ന് അക്രം ഓർമ്മിപ്പിച്ചു. കറാച്ചിയിലും ലാഹോറിലും ക്ലബ്ബ് ക്രിക്കറ്റിന്‍റെ വളർച്ചയ്ക്കായി 100 ദശലക്ഷം രൂപ വീതം പിസിബി ചെലവഴിക്കണമെന്നും, എങ്കിൽ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിലും റെഡ് ബോൾ ഫോർമാറ്റിലും രാജ്യം മുന്നേറുകയുള്ളൂവെന്നും അക്രം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് നിൽക്കുന്ന പാകിസ്ഥാൻ ടീം അവസാന മത്സരത്തിലും തോൽവിയുടെ വക്കിലാണ്. പാക് ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനത്തെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അക്രമിന്‍റെ ഈ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!